india-china
INDIA CHINA

വാഷിംഗ്ടൺ: ലഡാക്കിലെ ഇന്ത്യാ - ചൈനാ അതിർത്തി തർക്കത്തിൽ ചൈനയ്ക്കെതിരെ അമേരിക്ക. ചൈനയുടെ കടന്നുകയറ്റം പ്രകോപനപരവും ശല്യപ്പെടുത്തുന്നതുമാണെന്ന് മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞ ആലിസ് വെൽസ് വിമർശിച്ചു. ലഡാക്കിലും സിക്കിമിലും ഇന്ത്യൻ - ചൈനീസ് സൈനികർ തമ്മിൽ അടുത്തിടെ ഏറ്റുമുട്ടിയിരുന്നു.

'ചൈനയുടെ കടന്നുകയറ്റങ്ങൾ എല്ലായ്‌പ്പോഴും വെറുതെയല്ല. ദക്ഷിണ ചൈനാക്കടലിലായാലും ഇന്ത്യൻ അതിർത്തിയിലായാലും ചൈനയുടെ പ്രകോപനങ്ങളും അസ്വസ്ഥത നിറഞ്ഞ പെരുമാറ്റവും ഞങ്ങൾ കാണുന്നുണ്ട്. വിയറ്റ്‌നാം, മലേഷ്യ, ഫിലിപ്പിൻസ്, ബ്രൂണെ, തായ്‌വാൻ എന്നീ രാജ്യങ്ങളുടെ അവകാശങ്ങളെ മറികടന്ന് ദക്ഷിണ ചൈനാ കടലിൽ പരമാധികാരം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. കിഴക്കൻ ചൈനാ കടലിലും സമാനസ്ഥിതിയാണ്. നിരവധി ദ്വീപുകളിൽ ചൈന സൈനിക താവളങ്ങൾ സജ്ജമാക്കി. ഇവിടം ധാതു നിക്ഷേപവുമുള്ളവയും ആഗോള സമുദ്ര ഗതാഗതത്തിന്റെ നിർണായക ഭാഗവുമാണ്. എല്ലാവർക്കും പ്രയോജനം ചെയ്യുന്ന അന്താരാഷ്ട്ര സംവിധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അല്ലാതെ ചൈനയ്ക്ക് മേൽക്കോയ്‌മയുള്ള സംവിധാനമല്ല. അതിർത്തി തർക്കങ്ങൾ ചൈന ഉയർത്തുന്ന ഭീഷണിയുടെ ഓർമ്മപ്പെടുത്തലാണ്" - ആലിസ് പറഞ്ഞു.