kk

നിർബന്ധിതജോലി ചെയ്യിക്കൽ ( Forced labour ) വിജ്ഞാപനങ്ങളും ഓർഡിനൻസുകളും വഴി രാജ്യത്തെ തൊഴിൽ നിയമങ്ങളെ ലംഘിക്കുകയും അടിസ്ഥാന വ്യവസ്ഥകളെ തകർക്കുകയുമാണ് ചില സംസ്ഥാനങ്ങൾ ചെയ്യുന്നത്. ഉത്തർപ്രദേശ് സർക്കാർ ഓർഡിനൻസിലൂടെ എല്ലാ തൊഴിൽ നിയമങ്ങളേയും 3 വർഷത്തേയ്ക്ക് ചില നിബന്ധനകൾക്ക് വിധേയമായി ഒഴിവാക്കിയിരിക്കയാണ്. ഫാക്ടറികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും യഥാസമയം ജീവനക്കാർക്ക് വേതനം നൽകേണ്ട ബാദ്ധ്യതയും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ തൊഴിൽ നിയമ വ്യവസ്ഥകളെ അപ്പാടെ നിഷേധിച്ച് നിർബന്ധിത പണി എടുപ്പിക്കൽ നടപ്പിലാക്കിയിരിക്കുന്നു. ഇത് ഒരു വിധത്തിൽ പറഞ്ഞാൽ ബോണ്ടഡ് ലേബർ അവസാനിപ്പിക്കൽ നിയമം (1976) ന്റെ ലംഘനവും പ്രസ്തുത നിയമം തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമവുമായി കാണേണ്ടതുണ്ട്. ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ 12 മണിക്കൂർ ജോലി സമയം ഓർഡിനൻസിലൂടെ പ്രഖ്യാപിച്ച വിവിധ സംസ്ഥാനസർക്കാരുകളേയും കേന്ദ്രസർക്കാരിനേയും എതിർകക്ഷികളാക്കി ഹർജി ഫയൽ ചെയ്തിട്ടുള്ളതായും പത്രവാർത്ത കണ്ടിരുന്നു.


1948 ലെ ഫാക്ടറീസ് ആക്ട് ഒരു കേന്ദ്രസർക്കാർ നിയമമാണ്. ആയതിനാൽ നിയമവ്യവസ്ഥകളിൽ മാറ്റം വരുത്തുവാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. സംസ്ഥാനങ്ങൾക്ക് നിയമവകുപ്പുകൾക്കനുസൃതമായി ചട്ടങ്ങൾ നിർമ്മിക്കാവുന്നതാണ്. ഈ വിധം നിർമ്മിക്കുന്ന റൂളുകൾ അതത് സംസ്ഥാന സർക്കാരുകൾ ഗസറ്റിലൂടെ പ്രസിദ്ധീകരിച്ച് പ്രസിദ്ധീകരണതീയതി മുതൽ 45 ദിവസം, ആക്ഷേപങ്ങൾക്കും അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കാത്തിരിക്കേണ്ടതും അപ്രകാരം ലഭിക്കുന്നവ, നിശ്ചിത തീയതികളിൽ അവ, അയച്ചവരെ കേട്ടതിനുശേഷം അവയുടെ സ്വീകാര്യതയോ അസ്വീകാരിതയോ വ്യക്തമാക്കി, ആവശ്യമുള്ളവകൂടി കണക്കിലെടുത്ത് ചട്ടപരിഷ്‌കരണത്തിനുശേഷം അന്തിമ വിജ്ഞാപനത്തിലൂടെസംസ്ഥാനങ്ങൾക്ക് ചട്ടങ്ങൾ നിലവിൽ വരുത്താവുന്നതാണ് എന്ന് നിയമത്തിന്റെ വകുപ്പ് 115 ൽ വ്യക്തമാക്കുന്നു. മേൽപ്പറയും വിധം ചട്ടങ്ങൾ രൂപീകരിക്കുന്നതിന് സംസ്ഥാനങ്ങളെ നിയമത്തിന്റെ 112ാം വകുപ്പ് ചുമതലപ്പെടുത്തുന്നു. എന്നാൽ ഈ ചട്ടങ്ങൾ നിയമവ്യവസ്ഥകൾ പ്രായോഗികതലത്തിലെത്തിക്കുന്നതിനായിരിക്കണം എന്നും നിഷ്‌കർഷിക്കുന്നു.
തൊഴിലാളിയുടെ ജോലി സമയം

നിയമത്തിന്റെ അദ്ധ്യായം ആറിൽ ഒരു തൊഴിലാളിയുടെ ജോലി സമയത്തിന് നിബന്ധനകൾ നിഷ്‌കർഷിക്കുന്നു. വകുപ്പ് 51 അനുസരിച്ച് ഒരു തൊഴിലാളി ഫാക്ടറിയിൽ 48 മണിക്കൂറിലധികം ഒരാഴ്ചയിൽ ജോലി ചെയ്യാൻ നിയോഗിക്കാവുന്നതല്ല എന്ന് നിഷ്‌കർഷിക്കുന്നു. ഈ വകുപ്പിന് വിധേയമായി, പ്രതിദിനം 9 മണിക്കൂർ സമയം ഒരു തൊഴിലാളിയെ ജോലി ചെയ്യാൻ നിയോഗിക്കാം എന്ന് വകുപ്പ് 54 വ്യക്തമാക്കുന്നു. ഈ വകുപ്പുകൾ കൂട്ടി വായിച്ചാൽ പ്രതിദിനം ശരാശരി ജോലി സമയം 8 മണിക്കൂർ ആയിരിക്കണം എന്ന് വ്യക്തം. എന്നാൽ വകുപ്പ് 56 ൽ പറയുന്നത്, സ്ഥാപനത്തിൽ ഒരു ജീവനക്കാരന് ജോലി സംബന്ധമായി ആകെ ചിലവഴിക്കാവുന്ന സമയം ആയ ''സ്‌പ്രെഡ് ഓവർ'' എന്ന നിബന്ധനയ്ക്ക് വിധേയമായി, വിശ്രമസമയം ഉൾപ്പടെ പത്തര മണിക്കൂറുവരെ ആകാമെന്നാണ്. അഥവാ 8 മണിക്കൂർ ജോലിക്കിടയിൽ രണ്ടര മണിക്കൂർ ഭക്ഷണത്തിനോ വിശ്രമത്തിനോ ആയി നിഷ്‌കർഷിക്കാവുന്നതും ഈ പത്തരമണിക്കൂറും ഫാക്ടറി പരിസരത്ത് ജീവനക്കാരൻ ഉണ്ടായിരിക്കണമെന്ന് നിഷ്‌കർഷിക്കാവുന്ന വിധമായി, വിശ്രമസമയം ഉൾപ്പടെ പത്തര മണിക്കൂറുവരെ ആകാമെന്നാണ്. അഥവാ 8 മണിക്കൂർ ജോലിക്കിടയിൽ രണ്ടര മണിക്കൂർ ഭക്ഷണത്തിനോ വിശ്രമത്തിനോ ആയി നിഷ്‌കർഷിക്കാവുന്നതും ഈ പത്തരമണിക്കൂറും ഫാക്ടറി പരിസരത്ത് ജീവനക്കാരൻ ഉണ്ടായിരിക്കണമെന്ന് നിഷ്‌കർഷിക്കാവുന്നതുമാണ്. (ഇത് 3 ഷിഫ്റ്റും പ്രവർത്തിക്കുന്ന ഫാക്ടറികളിൽ അപ്രായോഗികമായേക്കാം.)

ഫാക്ടറി നിയമം ഇപ്രകാരമായതിനാൽ നിയമവിധേയമായ ചട്ട നിർമ്മാണനിബന്ധനകൾക്ക് വിധേയമായി സംസ്ഥാനസർക്കാരുകൾക്ക് ചട്ടങ്ങൾ മാത്രമേ നിർമ്മിക്കാനാകൂ എന്നിരിക്കെ, നിയമവ്യവസ്ഥകൾക്കതീതമായി ചില സംസ്ഥാന സർക്കാരുകൾ ഒരു തൊഴിലാളിയുടെ പ്രതിദിന ജോലി സമയം 12 മണിക്കൂർ ആയി ഉയർത്തി എന്ന വാർത്ത യാഥാർത്ഥ്യമാണെങ്കിൽ, നിയമത്തിനു മുന്നിൽ ആവിധ പരിഷ്‌കരണം നിലനിൽക്കത്തക്കതല്ല എന്ന് വ്യക്തമാണ്.

കൂടാതെ, തൊഴിൽ തർക്ക നിയമം പ്രകാരം വേതനവും വിതരണവും ജോലി സമയവും വിശ്രമസമയവും സംബന്ധിച്ച കാര്യങ്ങളിൽ മാറ്റം വരുത്തുന്നതിന് ബന്ധപ്പെട്ട ജീവനക്കാർക്ക് 21 ദിവസം മുൻകൂറായി മാറ്റങ്ങൾ വ്യക്തമാക്കി നോട്ടീസ് നൽകിയിരിക്കണം എന്ന് നിഷ്‌കർഷിക്കുകയും ചെയ്യുന്നു. തൊഴിലാളികൾക്ക് ഈ നോട്ടീസിൽ പറയുന്ന മാറ്റങ്ങളെ സംബന്ധിച്ച് തർക്കമുള്ള പക്ഷം അനുരഞ്ജന നടപടികൾക്ക് വിധേയമാക്കാവുന്നതാണ്.
ഈ കേന്ദ്രനിയമത്തിനു വിരുദ്ധമായി ഒരു മാറ്റവും ഒരു സംസ്ഥാന സർക്കാരിനും നടപ്പിൽ വരുത്താവുന്നതല്ല.


(Jt. Labour Commissioner (Rtd)