covid

മുംബയ്: മുംബയിലെ ലോകമാന്യ തിലക് മുനിസിപ്പൽ ജനറൽ ആശുപത്രിയിൽ കൊവിഡ് ബാധിതരായ 115 പേർ പ്രസവിച്ചു. ശിശുക്കളിൽ 59 പെണ്ണും 56 ആണും. ഇവരിൽ മൂന്ന് ശിശുക്കൾക്ക് മാത്രമാണ് ആദ്യ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതെന്നുള്ളതാണ് സന്തോഷ വാർത്ത. പകുതിയിലധികം അമ്മമാർക്കും സിസേറിയനായിരുന്നു.

40 കിടക്കകളുള്ള പ്രത്യേക വാർഡിൽ 65 ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘമാണ് കൊവിഡ് ബാധിച്ച അമ്മമാരെ ചികിത്സിക്കുന്നത്. ഇവർക്കായി പ്രത്യേക കൊവിഡ് വാർഡുണ്ട്. ഒരാഴ്ചയോളം പ്രതിരോധ മരുന്നുകൾ നൽകും. തുടർന്ന് പ്രത്യേക കേന്ദ്രത്തിൽ പത്തുദിവസം ക്വാറന്റൈൻ ചെയ്യും. നവജാത ശിശുക്കളെ ഐസൊലേറ്റ് ചെയ്യാറില്ല. ഫെയ്‌‌സ്‌മാസ്‌ക് ധരിച്ചാണ് അമ്മമാർ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത്.

കൊവിഡ് രോഗികളായ ഗർഭിണികൾക്കായി 34 കിടക്കകൾ കൂടി ആശുപത്രിയിൽ തയ്യാറാക്കും. മൂന്ന് ഓപ്പറേഷൻ തിയേറ്റുകളിലായി ആറു ടേബിളുകളാണ് കൊവിഡ് രോഗികൾക്കായി നീക്കിവച്ചിരിക്കുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ച സ്ത്രീകളിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങൾ കാണിക്കാത്തവരാണ്. ചിലർക്ക് പനിയും ശ്വാസതടസവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

' കൊവിഡ് ബാധിതരായ അമ്മമാർ വല്ലാത്ത ആശങ്കയിലാണ്. പ്രസവത്തിൽ തങ്ങൾ മരിച്ചാലും കുഞ്ഞിനെ രക്ഷിക്കണമെന്ന് അവരിൽ പലരും ഞങ്ങളോട് ആവശ്യപ്പെടാറുണ്ട്.

- ഡോ.അരുൺ നായക് , ഗൈനക്കോളജി വിഭാഗം മേധാവി