msme

കൊച്ചി: കൊവിഡ് സൃഷ്‌ടിച്ച സമ്പദ്‌ആഘാതം മറികടക്കാൻ എം.എസ്.എം.ഇകൾ ഉൾപ്പെടെയുള്ള മേഖലകൾക്കായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 'ആത്‌മനിർഭർ" പാക്കേജിന്റെ ഭാഗമായുള്ള വായ്‌പകളുടെ വിതരണം ബാങ്കുകൾ അടുത്തയാഴ്‌ചയോടെ ആരംഭിച്ചേക്കും. പദ്ധതികൾക്ക് കഴിഞ്ഞദിവസം കേന്ദ്ര കാബിനറ്ര് അംഗീകാരം നൽകി.

വായ്‌പാ പദ്ധതികൾ സംബന്ധിച്ച കരട് സർക്കുലർ ബാങ്കുകൾക്ക് ധനമന്ത്രാലയം അയച്ചിട്ടുണ്ട്. അന്തിമ സർക്കുലർ ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്ന് ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ടി. മുഹമ്മദ് സഗീർ 'കേരളകൗമുദി"യോട് പറഞ്ഞു. തുടർന്ന്, ബാങ്കുകൾ ഉപഭോക്താക്കൾക്ക് വായ്‌പകൾ അനുവദിച്ച് തുടങ്ങും. വായ്‌പാ സ്‌കീമുകൾ സംബന്ധിച്ച് കേരളത്തിലെ ഉൾപ്പെടെ ബാങ്കുകളിൽ സംരംഭകരിൽ നിന്ന് അന്വേഷണങ്ങൾ എത്തുന്നുണ്ട്.

സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ (എം.എസ്.എം.ഇ) മേഖലയ്ക്ക് ഈടില്ലാതെ വായ്‌പ നൽകാനായി മൂന്നുലക്ഷം കോടി രൂപയാണ് പാക്കേജിലുള്ളത്. 25 ലക്ഷം രൂപവരെ വായ്‌പാബാദ്ധ്യതയും 100 കോടി രൂപവരെ വിറ്റുവരവ് ഉള്ളവർക്കും നിലവിലെ വായ്‌പയുടെ 20 ശതമാനം വരെ പാക്കേജ് പ്രകാരം വായ്‌പ ലഭിക്കും. അതായത്, നിലവിൽ ഒരു കോടി രൂപയുടെ വായ്‌പയുള്ള സംരംഭകന് 20 ലക്ഷം രൂപ അധിക വായ്‌പ അനുവദിക്കും.

വായ്പയ്ക്ക് നാലുവർഷമാണ് തിരിച്ചടവ് കാലാവധി. മുതൽ തിരിച്ചടയ്ക്കാൻ 12 വർഷത്തെ മോറട്ടോറിയവുമുണ്ട്. ഗ്യാരന്റി ഫീസില്ലാത്ത ഈ വായ്‌പ, ഒക്‌ടോബർ 31വരെ ലഭ്യമാണ്. വായ്പയിന്മേൽ പൊതുമേഖലാ ബാങ്കുകൾക്ക് 9.25 ശതമാനം പലിശ ഈടാക്കാം. എൻ.ബി.എഫ്.സികൾക്ക് ഈടാക്കാവുന്നത് 14 ശതമാനം.

ആശ്വാസ പദ്ധതികൾ

ആത്‌മനിർഭർ പാക്കേജിന്റെ ഭാഗമായി കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി വീശിയ പദ്ധതികൾ:

 എം.എസ്.എം.ഇ

നാഷണൽ ക്രെഡിറ്ര് ഗ്യാരന്റി ട്രസ്‌റ്രീ കമ്പനി വഴി മൂന്നുലക്ഷം കോടി രൂപയുടെ പാക്കേജ്. ഇതിനായി 2020-24 കാലയളവിൽ കേന്ദ്രം ചെലവഴിക്കുക 41,600 കോടി രൂപ. സംരംഭകന് നിലവിലെ വായ്‌പയുടെ 20 ശതമാനം വരെ അധികവായ്പ നേടാം. പലിശ 9.25% മുതൽ. തിരിച്ചടയ്ക്കാൻ 4 വർഷം കാലാവധി.

 മത്സ്യബന്ധന മേഖലയ്ക്ക്

₹25,050 കോടി

മത്സ്യബന്ധന മേഖലയിൽ അടിസ്ഥാന സൗകര്യം ഉയർത്തുക, പുതുതായി 55 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കുക, കയറ്റുമതി ഒരുലക്ഷം കോടി രൂപയായി വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രധാനമന്ത്രി മത്സ്യസമ്പദ യോജന മുഖേന നടപ്പാക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്നാണ് പദ്ധതി നടപ്പാക്കുക.

 ഭക്ഷ്യസംസ്‌കരണ

മേഖലയ്ക്ക് ₹10,000 കോടി

രണ്ടുലക്ഷം ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്രുകൾക്ക് (എം.എഫ്.ഇ) പ്രയോജനം. അഞ്ചുവർഷത്തേക്കുള്ള പദ്ധതി നടപ്പാക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന്. ലക്ഷ്യം പ്രാദേശിക ഭക്ഷ്യോത്പന്നങ്ങൾ ഉന്നത നിലവാരത്തോടെ, ആഗോളതലത്തിലേക്ക് എത്തിക്കുക.