alternate-universe
ALTERNATE UNIVERSE

@അന്റാർട്ടിക്കയിലെ ഊർജപ്രവാഹം സമാന്തര പ്രപഞ്ചത്തിന്റെ തെളിവെന്ന്

ലണ്ടൻ:ഭൂമിയും സൗരയൂഥവും അസംഖ്യം താരാപഥങ്ങളും ഉൾപ്പെടുന്ന ഈ ദൃശ്യപ്രപഞ്ചത്തിന് ഇരട്ടസഹോദരിയായി മറ്റൊരു പ്രപഞ്ചമോ?​ മഹാവിസ്ഫോടനത്തിൽ ഈ പ്രപഞ്ചത്തിന്റെ കണ്ണാടിബിംബം പോലെ മറ്റൊരു പ്രപഞ്ചപ്പിറവിയോ?​ അവിടെ സമയം പിറകോട്ട് സഞ്ചരിക്കുന്നുവോ?​ ഇവിടെ മുന്നോട്ട് പോകുന്ന കാലത്തിലൂടെ തിരിച്ചു സഞ്ചരിച്ചാൽ ആ പ്രപഞ്ചത്തിൽ എത്തുമെന്നോ?​

നാസയുടെ അനിറ്റ എന്ന ബലൂൺ ആന്റിന ഭൂമിയുടെ ദക്ഷിണധ്രുവത്തിൽ അതീവ ശക്തിയുള്ള ഒരു ഊർജ പ്രവാഹത്തെ കണ്ടെത്തിയതായും അത് ഒരു സമാന്തര പ്രപഞ്ചത്തിന്റെ തെളിവാകാം എന്നും ഒരു സംഘം ശാസ്‌ത്രജ്ഞർ അവകാശപ്പെടുന്നു.

ലണ്ടനിലെ ന്യൂ സയന്റിസ്റ്റ് എന്ന ശാസ്‌ത്ര വാരികയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. നാസ ഇത് സ്ഥിരീകരിച്ചിട്ടില്ല.

അന്റാർട്ടിക്കയിൽ കോടാനുകോടി വർഷങ്ങളായി ഉറഞ്ഞുകിടക്കുന്ന മഞ്ഞ് പാളികളിൽ നിന്ന് അതിശക്തമായ ഊർ‌ജകണങ്ങൾ ഒരു ജലധാര പോലെ പ്രവഹിക്കുന്നതായി

നാസയുടെ അന്റാർട്ടിക്ക പര്യവേക്ഷണ ആന്റിന (അന്റാർട്ടിക് ഇംപൾസീവ് ട്രാൻസിയന്റ് ആന്റിന - അനിറ്റ)​ കണ്ടെത്തി എന്നാണ് റിപ്പോർട്ട്. ഭൗമാന്തരീക്ഷത്തിൽ അന്റാർട്ടിക്കയ്‌ക്ക് മീതേ 1.21 ലക്ഷം അടി ഉയരത്തിൽ പറക്കുന്ന ഭീമൻ ഹീലിയം ബലൂണിലെ റേഡിയോ ആന്റിനകളാണ് ഇത് കണ്ടെത്തിയത്. റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് അന്തരീക്ഷത്തിലെ കോസ്‌മിക് രശ്മികളുടെ പ്രവാഹം കണ്ടെത്തുകയാണ് ആന്റിനയുടെ പ്രധാന ദൗത്യം.അതിനിടയിലാണ് ഊർജ കണങ്ങളുടെ പ്രവാഹം കണ്ടെത്തിയത്. താവു ന്യൂട്രിനോ എന്ന കണങ്ങളാണ് കണ്ടെത്തിയതെന്ന് ഗവേഷക സംഘത്തെ നയിക്കുന്ന ഹാവായി സർവകലാശാലയിലെ ഫിസിക്‌സ് പ്രൊഫസർ പീറ്റർ ഗോർഹാം പറഞ്ഞു. ഈ കണങ്ങൾ 'സമയ രഥത്തിൽ' പിറകോട്ട് സഞ്ചരിക്കുകയാണെന്നും അതൊരു സമാന്തര പ്രപഞ്ചത്തിന്റെ തെളിവാണെന്നും അവർ പറയുന്നു.

സമാന്തര പ്രപഞ്ച സിദ്ധാന്തം ശാസ്‌ത്ര ലോകം ഏകകണ്ഠമായി അംഗീകരിച്ചിട്ടില്ല. എങ്കിലും പുതിയൊരു ഭൗതിക ശാസ്‌ത്ര മാതൃകയുടെ സാദ്ധ്യത ആരും തള്ളിക്കളയുന്നില്ല.

സമാന്തര പ്രപഞ്ച സിദ്ധാന്തങ്ങൾ

@ഉത്പത്തി മഹാവിസ്‌ഫോടനത്തിൽ

@നമ്മുടെ പ്രപഞ്ചത്തിന്റെ പ്രതിബിംബം പോലെ ( മിറർ ഇമേജ് )​

@നമ്മുടെ പ്രപഞ്ചത്തിലെ പോസിറ്റീവ് അവിടെ നെഗറ്റീവ്

@ഇടത്തും വലത്തും മുമ്പും പിൻപും എല്ലാം തലതിരിയും

@സമയം പിന്നിലേക്ക് സഞ്ചരിക്കുന്നു

@ഭൗതിക നിയമങ്ങൾ അവിടെ റിവേഴ്സ് മോഡിൽ

താവു ന്യൂട്രിനോ

@ശൂന്യാകാശത്തു നിന്ന് വരുന്ന ശക്തമായ ഊർജ കണങ്ങൾ

@ഭൗമാന്തരീക്ഷത്തിൽ ശക്തി കുറ‍ഞ്ഞ് ഭൂമിയെ തുളച്ച് കടന്നുപോകും

@ഭൂമിയുടെ മറുവശത്ത് വീണ്ടും ശക്തി പ്രാപിക്കുന്ന കണങ്ങൾ ശൂന്യാകാശത്തേക്ക് തന്നെ പോകും

@ഇങ്ങനെ പുറത്തുവന്ന കണങ്ങളാണ് അന്റാർട്ടിക്കയിൽ കണ്ടെത്തിയത്.