തായ്‌വാൻ:- ഏറെ നാളായി വിരുദ്ധ ധ്രുവങ്ങളിലാണ് അമേരിക്ക-ചൈന ബന്ധം. വ്യാപാര സംബന്ധമായും, കൊവിഡ് രോഗം ലോകമാകെ പടർന്നതുമായും ബന്ധപ്പെട്ട് ആ ഉലച്ചിൽ പിന്നെയും മൂർച്ഛിച്ചു. ഇക്കൂട്ടത്തിൽ ഏറ്രവും പുതിയതാണ് ഇപ്പോഴുണ്ടാകുന്ന സംഭവങ്ങൾ. അമേരിക്ക തായ്‌വാന് അത്യാധുനിക ടോർപിഡോകൾ നൽകാൻ തീരുമാനിച്ചതാണ് പ്രശ്നം വീണ്ടും പുകയാൻ കാരണം. 18 കോടി യു.എസ് ഡോളറിന്റെതാണ് ഈ വിൽപന. തായ്‌വാനെ തങ്ങളുടെ അധീനപ്രദേശമായാണ് ചൈന കണക്കാക്കുന്നത്.
അമേരിക്കയ്ക്ക് തായ്‌വാനുമായി നേരിട്ട് നയതന്ത്ര ബന്ധം ഇല്ല. എന്നാൽ തായ് വാന്റെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ സഹായം നൽകുന്നതിന് അമേരിക്ക തയ്യാറാണ്. 18 MK-48 Mod6 മാതൃകയിലുള്ള ടൊർപ്പിഡോകളാണ് തയ്യാറായിരിക്കുന്നത്. തായ്‌വാന്റെ ആയുധശേഖരം പരിഷ്കരിക്കുന്നതിനും വിശ്വസനീയമായ പ്രതിരോധം കെട്ടിപ്പടുക്കുന്നതിനുമുള്ള പരിശ്രമങ്ങളെ സഹായിക്കുകയാണ് ഇതിലൂടെയെന്ന് അമേരിക്കൻ പ്രതിരോധഭദ്രതാ സഹകരണ ഏജൻസി സൂചിപ്പിച്ചു.
ഈ വാർത്തയോട് ചൈന രൂക്ഷമായാണ് പ്രതികരിച്ചത്. തായ് വാനുമായുള്ള എല്ലാ പ്രതിരോധ ആയുധ ഇടപാടുകളും അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ അമേരിക്കയോട് ആവശ്യപ്പെട്ടു.തായ്‌വാന്റെ ത്സായ് ഇങ് വെൻ രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അമേരിക്ക പുത്തൻ കരാറുമായി മുന്നോട്ട് വന്നത് എന്നത് ശ്രദ്ധേയമാണ്. തായ്‌വാന് ഔദ്യോഗികമായി സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന അഭിപ്രായമുള്ള ത്സായിയെ വിഘടനവാദിയായാണ് ചൈന കാണുന്നത്.