@പരക്കെ നാശം, ആയിരക്കണക്കിന് വീടുകൾ തകർന്നു
കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ഉംപുൻ വ്യാപകമായി നാശം വിതച്ച പശ്ചിമ ബംഗാളിൽ 72 പേർ മരണമടഞ്ഞു. ഇതിൽ 15 മരണവും കൊൽക്കത്തയിലാണ്. നോർത്ത് 24 പർഗാനാസിൽ 18, സൗത്ത് 24 പർഗാനാസിൽ 17, ഹൗറയിൽ ഏഴ്, ഈസ്റ്റ് മിഡ്‌നാപൂരിൽ ആറ്, ഹൂഗ്ലിയിൽ രണ്ട് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണസംഖ്യ.
മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി മമതാ ബാനർജി രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ശക്തമായ കാറ്റിലും മഴയിലും വീടുകൾ തകർന്നും മരങ്ങൾ വീണും, വൈദ്യുതി ഷോക്കടിച്ചുമാണ് ആളുകൾ മരിച്ചത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹസ്‌നാബാദ് - ഹിംഗൽഗുഞ്ച് പ്രദേശത്താണ് ഏറ്റവും കൂടുതൽ കെടുതി. ഇവിടെ ഇച്ചാമതി നദി കരകവിഞ്ഞ് അറുപതോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ഗ്രാമീണർക്ക് വീടുകൾ നഷ്‌ടമായി. വെള്ളം കയറിയതിനാൽ റോഡുകളിൽ പോലും താൽക്കാലിക ക്യാമ്പുകൾ സ്ഥാപിക്കാനാവുന്നില്ല.
നാശനഷ്ടം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസ്ഥാനം സന്ദർശിക്കാൻ മമത ബാനർജി ആവശ്യപ്പെട്ടു. രാജ്യം മുഴുവൻ പശ്ചിമ ബംഗാളിനൊപ്പമുണ്ടെന്ന് മോദി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
ബംഗാളിലെ ദിഗ തീരത്ത് ബുധനാഴ്ച 2.30നാണ് കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറിൽ 160-170 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച് 190 കിമി വരെ വേഗതയാർജിച്ച ചുഴലിക്കാറ്റ് മരങ്ങളും വൈദ്യുതി പോസ്റ്റുകളും പിഴുതെറിഞ്ഞു. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകർന്നു. കൊൽക്കത്ത വിമാനത്താവളം മുങ്ങി.
വൻനാശം സംഭവിച്ച ഒഡിഷയിൽ 45ലക്ഷത്തോളം ആളുകളാണ് ദുരിതത്തിലായത്. മുപ്പത് ലക്ഷം വൈദ്യുതി കണക്‌ഷനുകൾ വിച്ഛേദിക്കപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലുമായി ഏഴു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. രണ്ടിടത്തും വ്യാപകമായി കൃഷി നശിച്ചു.
ബംഗ്ലാദേശിനെയും വിശിയെറിഞ്ഞു
ചുഴലിക്കാറ്റിൽ ബംഗ്ലാദേശിൽ പത്ത് പേർ മരിച്ചു. രണ്ടുദിവസം കൂടി ഇവിടെ മഴ കനക്കുമെന്നാണ് വിവരം. കൊവിഡ് പടരുന്ന സാഹചര്യത്തിൽ മഴ കനക്കുന്നത് ബംഗ്ലാദേശ് സർക്കാരിനെ അങ്കലാപ്പിലാക്കി. പത്തു വർഷത്തിനിടെ ബംഗ്ലാദേശിൽ ആഞ്ഞടിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഉംപുൻ. 2007-ൽ ആഞ്ഞടിച്ച സിദ്ർ ചുഴലിക്കാറ്റിൽ 3500 പേർ മരിച്ചിരുന്നു.