ficci

കൊച്ചി: സംസ്ഥാനത്ത് നിക്ഷേപം നടത്തുന്ന സംരംഭകർക്ക് സർക്കാർ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം മുന്നോട്ടുവയ്ക്കുന്ന സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ വ്യവസായ സമൂഹം മുന്നോട്ടുവരണമെന്നും വ്യവസായ പ്രമുഖരെ ഉൾക്കൊള്ളിച്ച് ഫിക്കി സംഘടിപ്പിച്ച വെബിനാറിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. സർക്കാരിനൊപ്പം വാണിജ്യ, വ്യവസായ ലോകവും ചേർന്നൊരു കൂട്ടായ പരിശ്രമത്തിലൂടെ ഈ ലക്ഷ്യം നേടാനാകും. കൃഷി, എം.എസ്.എം.ഇ., ടൂറിസം, ഐ.ടി എന്നിവയ്ക്കാണ് കേരളത്തിന്റെ ഊന്നൽ. അപേക്ഷിച്ച് ഏഴ് ദിവസത്തിനകം ആവശ്യമായ അനുമതികൾ സംരംഭകന് ലഭ്യമാക്കാൻ സർക്കാർ നടപടി എടുത്തിട്ടുണ്ട്. നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ പരിചയ സമ്പന്നരെ ഉൾപ്പെടുത്തി ദൗത്യസേനയും രൂപീകരിച്ചു.

ലൈസൻസ് അനുവദിക്കാൻ ഏകീകൃത ഓൺലൈൻ പോർട്ടൽ, സ്വയംസാക്ഷ്യപ്പെടുത്തൽ വഴി ഓട്ടോമേറ്റഡ് അപ്രൂവൽ, ഡീംഡ് അപ്രൂവൽ തുടങ്ങിയ സൗകര്യങ്ങളുണ്ട്. കേരളത്തിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും വ്യവസായ വികസനത്തിന് കരുത്തേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ഇ.പി. ജയരാജൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഫിക്കി പ്രസിഡന്റ് ഡോ. സംഗീത റെഡ്ഡി, മുൻ പ്രസിഡന്റ് ഡോ. ജ്യോത്സന സൂരി, കോ-ചെയർമാൻ സുധാകർ ഗാണ്ടെ, ഫിക്കി കേരള സ്‌റ്രേറ്ര് കൗൺസിൽ കോ-ചെയർമാമാരായ ദീപക് എൽ. അസ്വാനി, ഡോ.എം.ഐ. സഹദുള്ള, ഡോ. വിദ്യാ യെരാവ്‌ദേകർ, ഡോ. സുബ്ബറാവു പാവ്‌ലൂരി എന്നിവരും വെബിനാറിൽ സംബന്ധിച്ചു.

''വിദ്യാഭ്യാസവും നൈപുണ്യവുമുള്ള തൊഴിൽ സേന കേരളത്തിന്റെ സവിശേഷതയാണ്. വിവരാധിഷ്‌ഠിത വ്യവസായ മേഖലയ്ക്ക് ഏറ്റവും അനുകൂല ഘടകമാണിത്"",

പിണറായി വിജയൻ,

മുഖ്യമന്ത്രി