ബംഗളുരു : ബംഗളൂരു സായ് കേന്ദ്രത്തിൽ ഒളിംപിക്സിനായി തയാറെടുക്കുന്ന മലയാളി താരങ്ങൾ ഉൾപ്പെടെയുള്ളവരെ ഭീതിയിലാഴ്ത്തി ഇവിടുത്തെ പാചകക്കാരനായ ഹനുമന്തപ്പ (54) കോവിഡ് ബാധിച്ചു മരിച്ചു. ഹൃദയാഘാതംമൂലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം 18നു മരിച്ചു. 19നു സ്രവ പരിശോധനാഫലത്തിലാണു കോവിഡ് സ്ഥിരീകരിച്ചത്.
മലയാളികളായ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പി.ആർ.ശ്രീജേഷ്, അത്‍ലറ്റുകളായ കെ.ടി.ഇർഫാൻ, ജിൻസൻ ജോൺസൻ, ടി.ഗോപി എന്നിവർ ഇവിടെയാണു പരിശീലനം നടത്തുന്നത്. ഇന്ത്യയുടെ പുരുഷ, വനിതാ ഹോക്കി ടീമുകളും ഇവിടെയുണ്ട്. മുഴുവൻ താരങ്ങളോടും അവരവരുടെ മുറികൾക്കുള്ളിൽ കഴിയാൻ അധികൃതർ നിർദേശിച്ചു. ഈ മാസം 15നു സായിയിൽ നടത്തിയ ഒരു യോഗത്തിൽ ഹനുമന്തപ്പ പങ്കെടുത്തിരുന്നു.
പുറത്തുനിന്നു സായിയിലെത്തി ജോലി ചെയ്യുന്നയാളാണു ഹനുമന്തപ്പ. ലോക്‌ഡൗൺ തുടങ്ങിയതോടെ പുറമേനിന്നു വരുന്നവർക്കു വിലക്കേർപ്പെടുത്തി; അതോടെ ഹനുമന്തപ്പ വരാതെയായി. എന്നാൽ, അവസാനഘട്ടം ലോക്‌ഡൗൺ 17നു കഴിയുമെന്നു കരുതി പുറമേനിന്നുള്ളവരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിക്കു വിളിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടു 15നു ചേർന്നയോഗത്തിലാണു സായ് ഉദ്യോഗസ്ഥർക്കൊപ്പം ഹനുമന്തപ്പയും പങ്കെടുത്തത്.
ലോക്ഡൗൺമൂലം താരങ്ങൾ മുറിക്കുള്ളിൽ ഫിറ്റ്നസ് പരീശീലനവുമായി കഴിയുകയാണെങ്കിലും ക്യാംപസിൽ യഥേഷ്ടം ഇറങ്ങി നടക്കാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ, പാചകക്കാരന്റെ മരണത്തോടെ പുറത്തേക്കിറങ്ങാൻ പാടില്ലെന്നു നിർദേശം വന്നു.
മാർച്ച് 10 മുതൽ ഹനുമന്തപ്പ ജോലിയിൽ ഉണ്ടായിരുന്നില്ലെന്നു സായ് അധികൃതർ വ്യക്തമാക്കി. യോഗം കഴിഞ്ഞയുടൻ ഹനുമന്തപ്പ ക്യാംപസ് വിട്ടുപോയെന്നും അത്‍ലറ്റുകളുമായി സമ്പർക്കമുണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.