കൊവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന കേരള മോഡലിന് ഊർജമേകി സംസ്ഥാന സർക്കാർ വീഡിയോ ഗാനം പുറത്തിറക്കി. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി എം.എ. ബേബിക്ക് ക്യൂ ആർ കോഡ് പതിപ്പിച്ച പോസ്റ്റർ കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിച്ചു. മീഡിയ അക്കാഡമിയും സ്വരലയയും ചേർന്ന് നിർമ്മിച്ച വീഡിയോയിലെ 'നമ്മളൊന്ന് എന്നുമൊന്ന് ' എന്നു തുടങ്ങുന്ന ഗാനം കെ.ജെ.യേശുദാസാണ് ആലപിച്ചത്. പാട്ട് അമേരിക്കയിൽ റെക്കാഡ് ചെയ്ത് അയച്ചു നൽകുകയായിരുന്നു. കൊവിഡിനെ പ്രതിരോധിക്കാൻ കേരളീയർ ഒരേമനസോടെ മുന്നോട്ടുപോകണമെന്നും ഭരണാധികാരികളുടെ വാക്ക് കേൾക്കണമെന്നും യേശുദാസ് സന്ദേശത്തിൽ പറഞ്ഞു. പ്രഭാവർമ്മയുടെ വരികൾക്ക് എം.ജയചന്ദ്രൻ ഈണം പകർന്നു. സംവിധായകൻ ടി.കെ.രാജീവ് കുമാറാണ് ദൃശ്യാവിഷ്‌കാരം. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, എം.ജയചന്ദ്രൻ, പ്രഭാവർമ്മ, ടി.കെ.രാജീവ് കുമാർ, സ്വരലയ ചെയർമാൻ ജി.രാജ്‌മോഹൻ എന്നിവർ പങ്കെടുത്തു.