അബുദാബി: ദുബായിൽ ആറ് കോടി രൂപയുടെ(മൂന്ന് ദശലക്ഷം ദിർഹം) തട്ടിപ്പ് നടത്തി ആൾ രാജ്യത്തേക്ക് കടന്നു. 'വന്ദേ ഭാരത്' പദ്ധതി വഴിയാണ് മുംബയ് സ്വദേശിയായ യോഗേഷ് അശോക് നാട്ടിലേക്ക് മടങ്ങിയത്. മലയാളികൾ ഉൾപ്പെടെയുള്ള 25 പേരെയാണ് ഇയാൾ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചത്.
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ കമ്പനി മുഖേനയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കേന്ദ്രത്തിന്റെ വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി ദുബായിൽ നിന്നും ഹൈദരാബാദിലേക്ക് പോയ വിമാനത്തിൽ അശോക് നാട്ടിലെത്തിയതായി തട്ടിപ്പിന് ഇരയാവർ പറയുന്നു.
30,000 മുതൽ മൂന്ന് ലക്ഷം വരെയുള്ള തുകയുടെ ചെക്കുകൾ നൽകിയാണ് യോഗേഷ് യു.എ.ഇ യിലെ പ്രമുഖ കമ്പനികളിൽ നിന്നും ചരക്കുകൾ കൈപ്പറ്റിയത്. വളരെ ആസൂത്രിതമായാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഭക്ഷ്യവസ്തുക്കളാണ് കൂടുതലും വാങ്ങിച്ചിരുന്നത്.
ആദ്യമൊക്കെ ചെറിയ ഇടപാടുകള്‍ നടത്തുകയും തുക കൃത്യമായി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് സ്ഥിരം ഇടപാടുകളിലൂടെ സ്ഥാപന ഉടമകളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം വലിയ തുകയുടെ സാധനങ്ങള്‍ കൈപ്പറ്റി ചെക്ക് നല്‍കുകയായിരുന്നു.
തട്ടിപ്പിനിരയായ 16 കമ്പനികളിലും ഇയാള്‍ ഇതേ മാര്‍ഗമാണ് സ്വീകരിച്ചത്. ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ യോഗേഷിനെ ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
പിന്നീട്, കമ്പനിയില്‍ അന്വേഷിപ്പോള്‍ പൂട്ടിയ നിലയിലുമായിരുന്നു. തുടര്‍ന്ന് കമ്പനിയിലെ തൊഴിലാളികളെയും ഉടമസ്ഥനെയും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ക്കു മനസിലായത്.