പത്തനംതിട്ട: തിരുവല്ല പാലിയേക്കര ബസേലിയൻ കോൺവെന്റ് കിണറ്റിൽ കന്യാസ്ത്രീ വിദ്യാർത്ഥിനി ദിവ്യ പി.ജോണിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് കാണിച്ച് ഐ.ജി സമർപ്പിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി മടക്കി. റിപ്പോർട്ടിൽ കാണിച്ചിരിക്കുന്ന ചില കണ്ടെത്തലുകളിൽ കൂടുതൽ വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഐ.ജി ഗോപേഷ് അഗർവാളിന്റെ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കിയത്.
സംഭവത്തിൽ തിരുവല്ല സി.ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമാണെന്ന് കാണിച്ചായിരുന്നു ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാൾ റിപ്പോർട്ട് നൽകിയത്. മരണത്തിൽ ദുരൂഹതയുണ്ടോ എന്നും ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യമുണ്ടോയെന്നും കണ്ടെത്താനായിരുന്നു ഡി.ജി.പി ക്രൈംബ്രാഞ്ച് ഐ.ജിയെ ചുമതലപ്പെടുത്തിയിരുന്നത്.
സംഭവത്തിൽ ദുരൂഹതയില്ലെന്നും നിലവിലെ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നുമായിരുന്നു ഐ.ജി റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവി മടക്കിയിരിക്കുന്നത്. ദിവ്യയുടെ ശരീരത്തിൽ അസ്വാഭാവിക പരിക്കുകൾ ഇല്ലെന്നും, വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ഉള്ളതെന്നും മുങ്ങി മരണമാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
കേസ് അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ ഉൾപ്പെടെ തിരുവല്ല പൊലീസിന്റെ ഭാഗത്ത് പാളിച്ചകളുണ്ടായെന്ന ആരോപണം വന്നിരുന്നു. ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി.ജോണിനെ (21) മേയ് ഏഴിനാണ് മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിആർപിഎഫ് ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ ചുങ്കപ്പാറ തടത്തേൽമലയിൽ പള്ളിക്കാപറമ്പിൽ ജോൺ ഫിലിപ്പോസിന്റെയും കൊച്ചുമോളുടെയും മകളാണ്.