നീലേശ്വരം: സി.പി.എമ്മിന്റെ ഉടമസ്ഥതയിൽ നീലേശ്വരത്ത് പ്രവർത്തിക്കുന്ന സഹകരണ ആശുപത്രിയിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗത്തിന് നേരെ ജീവനക്കാരൻ്റെ തെറിവിളി. മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായ സി. പ്രഭാകരന് നേരെയാണ് ആശുപത്രിയുടെ സുരക്ഷാ ജീവനക്കാരൻ കേട്ടാലറക്കുന്ന ഭാഷയിൽ തെറിവിളി നടത്തിയതായി പറയുന്നത്.
രാവിലെ ഇദ്ദേഹത്തിന്റെ ഭാര്യാ മാതാവിനെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെ വസ്ത്രങ്ങളുമായി എത്തിയതായിരുന്നു. സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകി അകത്തേക്ക് കയറാൻ ശ്രമിച്ചതോടെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞ് തട്ടിക്കയറി. ഇതോടെ അകത്തേക്ക് കയറണമെന്ന് നിർബന്ധമില്ലെന്നും രോഗിയ്ക്കുള്ള വസ്ത്രം നൽകിയാൽ മതിയെന്നും മറുപടി നൽകി.
ഇത് കേട്ടയുടൻ വീണ്ടും പരസ്യമായി അപമാനിക്കുകയായിരുന്നു. ഇതേ തുടർന്ന് ആശുപത്രി മാനേജരെ വിളിച്ചതോടെ മറ്റ് ജീവനക്കാർ പ്രഭാകരനോട് അകത്തേക്ക് പോകാൻ നിർദ്ദേശിച്ചു. ഇതോടെ പ്രകോപിതനായ സുരക്ഷാ ജീവനക്കാരൻ കേട്ടാലറക്കുന്ന തെറി വിളി നടത്തുകയായിരുന്നു. ഇതേ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ നിർമ്മിക്കാൻ പ്രവാസി നിക്ഷേപം സ്വരൂപിക്കുകയും സെൻ്റിന് 500 രൂപ നിരക്കിൽ 40 ഏക്കർ ഭൂമി ജനങ്ങളിൽ നിന്നും ഏറ്റെടുക്കാനും നേതൃത്വം നൽകിയതിൽ ഒരാളാണ് അപമാനിക്കപ്പെട്ട നേതാവ്.
ജീവനക്കാരനാകട്ടെ പാർട്ടിയുടെ ശുപാർശയിൽ ജോലിയിൽ പ്രവേശിപ്പിക്കപ്പെട്ടയാളുമാണ്. നമ്മുടെ സ്ഥാപനം എന്ന ധാരണയിലാണ് ഇവിടെ പോയതെന്നും ഇത്തരം അപമാനം ഏറെ മനോവിഷമം ഉണ്ടാക്കിയതായും സി. പ്രഭാകരൻ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. ആശുപത്രിയുടെ അധികൃതരോടും പാർട്ടി നേതാക്കളോടും വിഷയം ധരിപ്പിച്ചിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ തൊട്ടടുത്ത ദിവസം മുതൽ ഇവിടെ സമരം നടത്തേണ്ടി വരും. തനിക്ക് പോലും ഇതാണ് അനുഭവമെങ്കിൽ സാധാരണക്കാരുടെ അനുഭവം എന്തായിരിക്കും. പാർട്ടിയുടെ ആശുപത്രിയിൽ മദ്യപിച്ച് ജോലി ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.