സീഷെൽസ് : കൊവിഡ് 19 കാരണം എല്ലാ രാജ്യങ്ങളിലെയും പോലെ സീഷെല്‍സിലെ ടൂറിസം വ്യവസായവും താറുമാറായി. മറ്റെല്ലാ രാജ്യങ്ങളിലും ഈ വര്‍ഷം അവസാനത്തോടെ ടൂറിസം വീണ്ടും പഴയതുപോലെയാകുമെന്നാണ് പ്രതീക്ഷ. കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി രാജ്യങ്ങൾ അതിര്‍ത്തികളെല്ലാം അടച്ചപ്പോള്‍ ഫ്‌ളൈറ്റ് സര്‍വീസുകളും നിര്‍ത്തിവച്ചു. സീഷെൽസിലെ ടൂറിസം മേഖലയെ അത് കൂടുതല്‍ ബാധിച്ചുവെന്നും സീഷെൽസ് ടൂറിസം ബോർഡ് വിലയിരുത്തുന്നു.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന്, 2022 വരെ കപ്പല്‍ യാത്രക്കാരെ ഇവിടേക്ക് പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സീഷെല്‍ ദ്വീപസമൂഹം. ഇത് പരാമര്‍ശിച്ച് രാജ്യത്തെ ടൂറിസം, സിവില്‍ ഏവിയേഷന്‍, തുറമുഖ മറൈന്‍ മന്ത്രി ഡിഡിയര്‍ ഡോഗ്ലി പ്രസ്താവന നടത്തി. നിരോധനം ഉടനടി പ്രാബല്യത്തില്‍ വരും. അടുത്ത വര്‍ഷം അവസാനം വരെ ഇത് തുടരും. രാജ്യത്തിന്റെ യാത്രാ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഉത്തേജക നടപടികളും സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സീഷെല്‍സ് പോര്‍ട്‌സ് അതോറിട്ടി സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിച്ചു. ഇത് കൊവിഡ് 19 ന്റെ അപകട സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത് തടയുന്ന നീക്കമായി കരുതാം. ലോകമെമ്പാടുമുള്ള ഈ രോഗം പടരുന്നതിന് ക്രൂയിസുകള്‍ ഒരു കാരണമാണെന്നും പറയുന്നു. അതേസമയം വൈറസ് വ്യാപനം മൂലം ക്രൂയിസ് വ്യവസായത്തിന്റെ വരുമാനത്തില്‍ വന്‍ ഇടിവാണ് വന്നിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ക്രൂയിസ് കപ്പലുകള്‍ നിരോധിക്കുന്ന തീരുമാനം എടുക്കുന്നതോടെ സീഷെല്‍സ് പോര്‍ട്ട്‌സ് അതോറിട്ടിയുടെ വരുമാനം നന്നായി കുറയും . എന്നിരുന്നാലും, സീഷെല്‍സിൽ കൊവിഡ് 19 പടരാനുള്ള സാദ്ധ്യത അടുത്ത രണ്ട് വര്‍ഷത്തേക്ക് ഉണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്ന് ആള്‍ക്കാര്‍ കൂട്ടമായി എത്തിയാൽ സമൂഹവ്യാപനം തടയാനാവില്ല. വിക്ടോറിയ പോര്‍ട്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഘടകം കൂടിയാണ് ഈ പോര്‍ട്ട്.