തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടണമെന്ന ആവശ്യം വ്യാപകമാകുന്നു. പരിശോധനയുടെ കാര്യത്തിൽ ദേശീയ ശരാശരിയേക്കാൾ ഏറെ പിന്നിലാണ് കേരളം. 10 ലക്ഷത്തിൽ 1282 എന്നതാണ് കേരളത്തിലെ പരിശോധന നിരക്ക്. ദേശീയ ശരാശരി 1671 ആണ്. സമൂഹ വ്യാപനം ഇല്ലെന്ന് തീർത്തുപറയാൻ ഈ നിരക്കുകൾ പോരെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതിനൊപ്പമാണ് സാമൂഹിക അകലം പാലിക്കാതെയുo മാസ്ക് ധരിക്കാതെയുമുള്ള കൊവിഡ് മുൻകരുതലുകളുടെ ലംഘനം. ഒരാഴ്ചയ്ക്കുള്ളിൽ നിരീക്ഷണ ലംഘനത്തിന് 137 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കണ്ണൂർ ധർമ്മടത്ത് മറ്റ് ശാരീരിക അവശതകൾ ഉള്ള രോഗിക്ക് കോവിഡ് ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. ഇടുക്കിയിലെ ബേക്കറിയുടമയ്ക്കും കൊല്ലത്തെ ആരോഗ്യപ്രവർത്തകയ്ക്കും രോഗംബാധിച്ചതെങ്ങനെയെന്നും വ്യക്തമല്ല. ആദ്യഘട്ടത്തിൽ മുപ്പതിലേറെ രോഗികൾക്ക് എവിടെനിന്നാണ് രോഗബാധയുണ്ടാകുന്നതെന്ന് വ്യക്തമായിരുന്നില്ല. ഈ ഘട്ടത്തിലും അറിയപ്പെടാത്ത രോഗികൾ സമൂഹത്തിൽ ഉണ്ടാകാം എന്നതിലേക്കാണ് കണക്കുകൾ വിരൽ ചൂണ്ടുന്നത്.
കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനിടെ കേരളത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയവർക്ക് അവിടെ രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. മൂന്നു ദിവസത്തിനിടെ ആറു പേർക്ക് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. വരും ദിനങ്ങളിൽ ഉറവിടം വ്യക്തമാകാത്ത രോഗബാധിതർ കൂടുതൽ ഉണ്ടാകാമെന്നും പരിശോധന വർദ്ധിപ്പിക്കണമെന്നും വിദഗ്ദ്ധർ നിരന്തരമായി മുന്നറിയിപ്പ് നൽകുന്നുണ്ട്.
കേരളത്തിൽനിന്ന് പോയവരിൽ കർണാടകയിൽ നാലും തമിഴ്നാട്ടിൽ രണ്ടും പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും കർണാടകയിൽ രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ നിന്നു പോയി നിരീക്ഷണത്തിൽ കഴിയവേയാണ് രോഗം സ്ഥിരീകരിച്ചതെന്നതിനാൽ സംസ്ഥാനത്ത് നിന്നാണ് രോഗബാധയുണ്ടായതെന്നാണ് നിഗമനം.