pic

ലോകത്തിലെ ഏറ്റവും വലിയ കാർ രഹിത നഗരമാകാൻ ഒരുങ്ങുകയാണ് ലണ്ടൻ . പ്രതീക്ഷിക്കുന്നപോലെ എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തതനുസരിച്ച് നടന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ രഹിത തലസ്ഥാന നഗരമായി ലണ്ടന്‍ മാറും. ഈ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിനിടയില്‍, സൈക്ലിംഗിനും നടത്തത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടനുമായി (ടിഎഫ്എല്‍) ചേര്‍ന്ന് മധ്യ ലണ്ടന്റെ ചില ഭാഗങ്ങള്‍ രൂപാന്തരപ്പെടുമെന്ന് മേയര്‍ സാദിഖ് ഖാൻ അറിയിച്ചു. അതിനുള്ള പ്രാരംഭഘട്ട ജോലികൾ തുടങ്ങിക്കഴിഞ്ഞു. ഇതുവഴി നിരവധി സഞ്ചാരികളെ ആകർഷിക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം.

സെൻട്രൽ ലണ്ടനാണ് ആദ്യഘട്ടത്തിൽ കാർഫ്രീ സോണാകുക. ഷോര്‍ഡിച്ച്, ലണ്ടന്‍ ബ്രിഡ്ജ് ഹോള്‍ബോണ്‍, യൂസ്റ്റണ്‍, ഓള്‍ഡ് സ്ട്രീറ്റ്, വാട്ടര്‍ലൂ എന്നിവ പോലുള്ള ചില ജനപ്രിയ തെരുവുകളിൽ പരിമിതമായ ബസുകള്‍, സൈക്ലിസ്റ്റുകള്‍, കാല്‍നടയാത്രക്കാര്‍ എന്നിവരെ കാണാനാകും. . ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ എടുത്തു മാറ്റുമ്പോള്‍ ഈ പദ്ധതി ഏറെ സഹായകരമായിരിക്കുമെന്നാണ് മേയർ പറയുന്നത്.ലോക്ക്ഡൗണ്‍ സമയത്ത് സൈക്ലിംഗിന്റെയും നടത്തത്തിന്റെയും സന്തോഷം ലണ്ടനിലെ പലരും അനുഭവിച്ചു തുടങ്ങിയിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. അധികം വൈകാതെ തന്നെ നടപ്പാതകള്‍ വിശാലമാക്കാനും അതുവഴിയുള്ള റോഡുകള്‍ വാഹനങ്ങള്‍ക്കായി അടയ്ക്കാനും താല്‍ക്കാലിക സൈക്കിള്‍ പാതകള്‍ സൃഷ്ടിക്കാനുമാണ് പദ്ധതി.കാറുകൾ ഓടിക്കാൻ കഴിയാതെ വരുമ്പോൾ സ്വാഭാവികമായും ജനങ്ങൾ സൈക്കിളിലും പൊതുഗതാഗതത്തിലുമെല്ലാം യാത്ര നടത്തും. നഗരത്തെ കൂടുതല്‍ അടുത്തറിഞ്ഞ് ചുറ്റിയടിക്കാന്‍ ഇത് സഹായിക്കും. ഒപ്പം ജനങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്തും.ഇതുവഴി ട്രാഫിക്ക് ബ്ലോക്ക് വലിയ തോതിൽ കുറയ്ക്കാനാകും. സൈക്ളിംഗിനായി പ്രത്യേകം സൈക്കിൾ ലൈനുകൾ റോഡുകളിൽ വരച്ചിട്ടുമുണ്ട്.


നിലവില്‍, പ്ലാനിന്റെ വിശദാംശങ്ങളും കൃത്യമായ സമയപരിധിയും വെളിപ്പെടുത്തിയിട്ടില്ല. കാര്‍ രഹിത മേഖലകളുടെ വിശദാംശങ്ങള്‍ അന്തിമമാക്കുന്നതിന് ലണ്ടനിലെ മറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ടിഎഫ്എല്ലിന്റെ വക്താവ് പറഞ്ഞു. അതിനുശേഷം പദ്ധിക്കായുള്ള സ്ഥലങ്ങള്‍ തീരുമാനിക്കും.