pic

കൊച്ചി:വടുതലയിൽ ആട്ടോറിക്ഷാ ഡ്രൈവർ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ റിജിൻ ദാസ്( 35) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ റിജിൻദാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊള്ളലേറ്റ ആലപ്പുഴ എഴുപുന്ന സ്വദേശിയുടെ നില ഇപ്പോഴും ​ഗുരുതരമായി തുടരുകയാണ്. വടുതല സ്വദേശി ഫിലിപ്പ് എന്നയാളാണ് രണ്ടുപേരുടെയും ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച ശേഷം ആത്മഹത്യ ചെയ്തത്. കൊച്ചി പച്ചാളത്തെ ഷൺമുഖം റോഡിലെ ഒരു കടയിൽ വച്ചായിരുന്നു സംഭവം. ഇവിടെയെത്തിയ ഫിലിപ്പ് കടയുടമയായ പങ്കജാക്ഷന്റെയും കടയിലുണ്ടായിരുന്ന റിജിന്റെയും ദേഹത്തേക്ക് പ്രകോപനമൊന്നുമില്ലാതെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് ആട്ടോറിക്ഷയിൽ രക്ഷപ്പെട്ട ഫിലിപ്പ് ആത്മഹത്യ ചെയ്തു. ഇരുവരേയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിപ്പ് പെട്രോൾ ഒഴിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇതിനുപിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.