വാഷിംഗ്ടൺ: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരോടുള്ള ആദര സൂചകമായി അമേരിക്കയിൽ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഉയർത്തിയിട്ടുള്ള അമേരിക്കൻ പതാക അടുത്ത മൂന്നുദിവസത്തേക്ക് പാതി താഴ്ത്തി കെട്ടണമെന്നാണ് ട്രംപിന്റെ നിർദേശം. രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച് മരിച്ച സൈനികരുടെ ഓർമ ദിവസമാണ് വരുന്ന തിങ്കളാഴ്ച. അന്ന് രാജ്യത്തിന് അവധിയാണ്. അന്ന് കൊവിഡ് പ്രതിരോധിക്കാനുള്ള പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരർപ്പിക്കാനും ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്. അമേരിക്കയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തോളമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
ലോകത്ത് ഏറ്റവുമധികം ആളുകളിൽ കൊവിഡ് ബാധിച്ചത് അമേരിക്കയിലാണ്. 94,702 പേരാണ് നിലവിൽ അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കൻ സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ പരാജയമാണെന്ന വിമർശനം പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടയിലും നിയന്ത്രണങ്ങൾ നീക്കിയതും വിമർശനത്തിനിടയാക്കുന്നുണ്ട്.