pic

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്നലെ രാത്രിമുതൽ ആരംഭിച്ച കനത്ത മഴയിൽ പല ഭാഗത്തും വെള്ളം കയറി. നഗരഹൃദയത്തിലും ഉൾനാടൻ പ്രദേശങ്ങളിലും ഉൾപ്പെടെ വീടുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ജില്ലയിലെ മലയോരമേഖലകളിൽ ഇപ്പോഴും മഴ തുടരുകയാണ് .വൃഷ്ടിപ്രദേശത്തുണ്ടായ കനത്ത മഴയിൽ അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു. ഇതോടെ കരമനയാറിലും കൈവഴികളിലും ജലനിരപ്പ് ഉയർന്നു. ആറിന്റെ കരകളിലെ വീടുകളും കൃഷിസ്ഥലങ്ങളും റോഡുകളും വെള്ളത്തിനടിയിലായി.

തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര ബൈപ്പാസ്,​ ചാലക്കമ്പേളത്തിലേക്കുള്ള റോഡ് എന്നിവയും സമീപത്തെ കരിമഠം കോളനി,​ ബണ്ട് കോളനി എന്നിവിടങ്ങളിലെ വീടുകളും വെള്ളത്തിനടയിലായി. അട്ടക്കുളങ്ങര ബൈപ്പാസ് റോഡിൽ എസ്.കെ.പി ജംഗ്ഷനിൽ ബൈപ്പാസിൽ മുട്ടോളം വെള്ളം ഉയർന്നിട്ടുണ്ട്. ഇവിടെ നിന്ന് കരിമഠം കോളനിയിലേക്കുള്ള റോഡും വെളളത്തിനടിയിലാണ്.ഇവിടങ്ങളിൽ നിന്ന് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്ന കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ ഈഞ്ചയ്ക്കലുൾപ്പെടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. നഗരത്തിലും റൂറൽ മേഖലകളിലും മരങ്ങൾ കടപുഴകി വീണും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. തമ്പാനൂർ,​ പട്ടം,​ ഉള്ളൂർ എന്നിവിടങ്ങളിലും ആറ്റിങ്ങൽ, കോരാണി, തോന്നയ്ക്കൽ ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണ് വ്യാപക നാശമുണ്ടായതായി റിപ്പോർട്ടുണ്ട്. വൈദ്യുതി ലൈനുകൾക്കും ചില കെട്ടിടങ്ങൾക്കും തകരാറുകളുണ്ടായി. വെള്ളം കയറിയ വീടുകളിലും മരം കടപുഴകിയ സ്ഥലങ്ങളിലും രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ മേഖലയായ കാട്ടാക്കട, നെടുമങ്ങാട്, കുറ്റിച്ചൽ പ്രദേശങ്ങളിൽ റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിലായിട്ടുണ്ട്. നെയ്യാറിലെ ജലനിരപ്പും ആശങ്കാജനകമാംവിധം ഉയർന്നിട്ടുണ്ട്. അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ 1.2 സെ.മി വീതവും ഒരു ഷട്ടർ 1 സെ.മീയും ഉയർത്തിയെങ്കിലും മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ഇതേപടി മഴതുടർന്നാൽ നെയ്യാറിന്റെ ഷട്ടറുകളും ഇന്നുച്ചയോടെ തുറക്കുമെന്നാണ് സൂചന. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. അടുത്ത മൂന്നുമണിക്കൂറിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആറിന്റെ കരകളിലും താഴ്ന്ന സ്ഥലങ്ങളിലും കഴിയുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്രാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.