ആശുപത്രിയിൽ നിന്ന് നൽകുന്ന വെജിറ്റേറിയൽ ആഹാരം കഴിച്ച് മടുത്ത കൊവിഡ് രോഗികൾ സ്വന്തമായി ബിരിയാണിയും ചിക്കനും ഓർഡർ ചെയ്തു. തമിഴ്നാട്ടിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാല് പേരാണ് ബിരിയാണിയും ചിക്കനും ഓർഡർ ചെയ്തത്. സേലത്തെ മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ക്വാറന്റെെനിൽ കഴിയുന്നവരാണ് ബിരിയാണിയും ചിക്കൻ തന്തൂരിയും രഹസ്യമായി ഓർഡർ ചെയ്തതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭക്ഷണം വിതരണം ചെയ്യാനെത്തിയ ഓൺലൈൻ ഭക്ഷണ കമ്പനിയിലെ ആളെ കൊവിഡ് വാർഡിന് മുന്നിൽ സുരക്ഷാ ജീവനക്കാർ തടയുകയായിരുന്നു. ഓർഡർ ചെയ്ത ബിരിയാണിയും ചിക്കനും വിതരണം ചെയ്യാനെത്തിയതാണെന്ന് ഇയാൾ അറിയിച്ചതോടെ സുരക്ഷാ ജീവനക്കാർ ആശുപത്രി അധികൃതരെയും ഡോക്ടർമാരെയും വിവരമറിയിച്ചു.
ഇത് കോവിഡ് വാർഡാണെന്ന് തനിക്ക് അറിയില്ലായിരുന്നു വെന്നും ഭക്ഷണം ഓർഡർ ചെയ്തവരെ മാപ്പിൽ പിന്തുടർന്നാണ് എത്തിയതെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. ഒടുവിൽ ഭക്ഷണം ഓർഡർ ചെയ്ത രോഗികളും കുറ്റം സമ്മതിച്ചു. ചികിത്സയുടെ ഭാഗമായിട്ടാണ് കൊവിഡ് രോഗികൾക്ക് സസ്യാഹാരം നൽകുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രികളിൽ ക്വാറന്റീനിൽ കഴിയുന്നവർക്കും സസ്യാഹാരമാണ് നൽകുക.