തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും ഇന്നലെ രാത്രിമുതൽ ഇടതടവില്ലാതെ പെയ്യുന്നമഴയിൽ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളപ്പൊക്ക ഭീതി. തിരുവനന്തപുരം ജില്ലയിൽ കരമനയാർ കരകവിഞ്ഞതോടെ വീടുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നെയ്യാറിലെ ജലനിരപ്പും ക്രമാതീതമായി ഉയർന്നുതുടങ്ങിയിട്ടുണ്ട്. വരുന്ന മൂന്നുമണിക്കൂറിനുള്ളിൽ തെക്കൻ ജില്ലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 45 കി.മീവേഗത്തിൽ കാറ്റിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം, തൃശൂർ ജില്ലകളിൽ ജാഗ്രതാനിർദേശമുണ്ട്.
മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്. അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്ത് വെള്ളപ്പൊക്ക ഭീതിയെ തുടർന്ന് തോട്ടപ്പള്ളി സ്പിൽവേ മുറിച്ച് വിടാനുള്ള നടപടികൾ തുടങ്ങി.
സ്പിൽവേയിൽ അടിഞ്ഞുകൂടിയ മണൽ നീക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ തീരദേശത്തെ ആയിരത്തോളം കാറ്റാടി മരങ്ങൾ മുറിച്ച് നീക്കിയത് പ്രദേശത്ത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. കടലാക്രമണം തടയാനായി നട്ടുവളർത്തിയ കാറ്റാടി മരങ്ങൾ മുറിച്ച് നീക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാരോപിച്ച് ധീവരസഭയും കോൺഗ്രസുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതിഷേധത്തെ തുടർന്ന് ശക്തമായ പൊലീസ് ബന്തവസിൽ നൂറ് കണക്കിന് തൊഴിലാളികളുടെ സഹായത്തോടെ കാറ്റാടി മരങ്ങൾ മുറിച്ച് നീക്കുകയായിരുന്നു. സ്പിൽവേയിലെ മെയിൻകനാലിലെ നീരൊഴുക്കിന് കാറ്റാടിമരങ്ങൾ തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ കൂട്ടത്തോടെ മുറിച്ച് മാറ്റിയത്.
മദ്ധ്യകേരളത്തിൽ ഇന്നലെ രാത്രിമുതൽ ഇന്ന് പുലർച്ചെ വരെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിൽ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി സജീവമായി നടക്കുന്നതിനിടെയാണ് മഴ കനത്തത്. മലയോര മേഖലകളിലും ജാഗ്രതാ നിർദേശം തുടരുകയാണ്. മിന്നലിനും കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണഅതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.