കൊവിഡ് പോരാട്ടങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് ആരോഗ്യപ്രവർത്തരാണ്. രോഗികളുമായി അടുത്തിടപഴകുന്ന ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ പല പ്രതിരോധ സംവിധാനങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ് അഥവാ പി.പി ഇ കിറ്റ് എന്നറിയപ്പെടുന്ന സുരക്ഷാ കവചം.
ദേഹം മുഴുവൻ മൂടുന്ന തരത്തിലുള്ള ഈ വസ്ത്രം ധരിച്ച് ജോലി ചെയ്യുമ്പോൾ ചൂടും വിയര്‍പ്പുമൊക്കെയായുള്ള പല ബുദ്ധിമുട്ടുകളും ആരോഗ്യപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. എന്നാൽ പിപിഇ കിറ്റ് ധരിക്കുമ്പോഴുള്ള ആ ബുദ്ധിമുട്ട് കുറയ്ക്കാൻ റഷ്യയിലെ ടുല എന്ന സ്ഥലത്തെ ആശുപത്രിയിൽ ഒരു നഴ്സ് സ്വീകരിച്ച മാർഗം ഇപ്പോൾ വിവാദമായിരിക്കുകയാണ്.
പുരുഷന്മാരുടെ കോവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവർ പിപിഇ കിറ്റിന് താഴെ അടിവസ്ത്രങ്ങൾ മാത്രം ധരിച്ചാണ് ജോലിക്കെത്തിയത്. കടുത്ത ചൂട് സഹിക്കാൻ വയ്യാതെയാണ് ഇത്തരമൊരു രീതി സ്വീകരിച്ചതത്രേ. ജോലിക്കിടെയുള്ള ഇവരുടെ ഒരു ചിത്രം ഒരു രോഗി തന്നെ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തു. അത് വ്യാപകമായി പ്രചരിച്ചതോടെ വിവാദമാകുകയും തുടർന്ന് ആശുപത്രി അധികൃതര്‍ നഴ്സിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു എന്നാണ് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആശുപത്രി അധികൃതരുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയരുന്നുണ്ട്.