കാസർകോട്: ദേശീയപാത വികസനത്തിൽ തലപ്പാടി-ചെങ്കള, ചെങ്കള-നീലേശ്വരം റീച്ചുകളുടെ ടെൻഡർ 28ന്. കേന്ദ്ര സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സമിതിയുടെ അംഗീകാരം ലഭിച്ചതിനാലാണിത്. ഫിനാൻഷ്യൽ ബിഡാണ് 28ന് തുറക്കുക. തലപ്പാടി- ചെങ്കള 39 കിലോമീറ്റർ റോഡിന് 1968.84 കോടി രൂപയും ചെങ്കള- നീലേശ്വരം 37 കിലോമീറ്റർ റോഡിന് 1107.56 കോടി രൂപയുമാണ് ചെലവ്. സാങ്കേതിക ടെൻഡർ നേരത്തെ പൂർത്തിയായിരുന്നു. നടപടി പൂർത്തിയാക്കി ആറു മാസത്തിനകം റോഡ് പ്രവൃത്തി തുടങ്ങാനാകും. രണ്ടര വർഷത്തിനകം പൂർത്തിയാക്കും.
തലപ്പാടി മുതൽ കഴക്കൂട്ടം വരെയുള്ള ദേശീയപാത വികസനത്തിൽ ആദ്യ പ്രവൃത്തിയാണിത്. ആറുവരി ദേശീയപാത 45 മീറ്ററിലാണ് വികസിപ്പിക്കുക. കോൺക്രീറ്റ് റോഡായിരിക്കും. തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള 45 മീറ്റർ വീതിയിലുള്ള 87 കിലോ മീറ്റർ ആറുവരി ദേശീയപാതക്കായി ജില്ലയിൽ 94 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോ മീറ്റർ റോഡിനായി 44 ഹെക്ടർ ഭൂമിയും ചെങ്കള-നീലേശ്വരം വരെയുള്ള 37 കിലോമീറ്റർ റോഡിനായി 42 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു. നീലേശ്വരം മേൽപാലം മുതൽ കാലിക്കടവ് വരെയുള്ള 6.917 കിലോ മീറ്റർ റോഡ‌് വികസനം കണ്ണൂർ ഭാഗത്താണ‌്. 780 മീറ്റർ വരുന്ന നീലേശ്വരം റെയിൽവേ മേൽപാലം നിർമാണം പുരോഗമിക്കുന്നു. 82 കോടി രൂപയാണ‌് നിർമാണ ചെലവ‌്. നഷ്ടപരിഹാരത്തിന് 56.99 കോടി രൂപ കൂടി കാസർകോട് ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുത്തവർക്ക് നഷ്ടപരിഹാരം നൽകാൻ 56.99 കോടി രൂപ കൂടി ദേശീയപാത അതോറിറ്റി അനുവദിച്ചു. ഇതോടെ ആകെ അനുവദിച്ച തുക 681.95 കോടി രൂപയായി. ഇതിൽ 421.64 കോടി ഭൂവുടമകൾക്ക് കൈമാറി. ഏറ്റെടുക്കുന്ന ഭൂമിയുടെ 25 ശതമാനം നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നൽകുമെന്ന് കേന്ദ്ര സർക്കാരുമായി ധാരണയുണ്ടാക്കി.
2011 ലാണ് ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചത്. പദ്ധതി നടക്കില്ലെന്ന ധാരണയിൽ 2014 ൽ സർക്കാർ കാസർകോട്, കാഞ്ഞങ്ങാട് ഓഫീസുകൾ അടച്ചുപൂട്ടുകയും പദ്ധതി ഉപേക്ഷിച്ച് ദേശീയപാത അതോറിറ്റി റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഈ സർക്കാർ വന്നതിന് ശേഷം 2016 ഒക്‌ടോബറിൽ ഭൂമി ഏറ്റെടുക്കൽ പുനരാരംഭിച്ചു. 2018 മുതൽ ഭൂമി ഏറ്റെടുത്തവർക്കുള്ള നഷ്ടപരിഹാരം നൽകി തുടങ്ങി.