delhi-police

ന്യൂഡൽഹി: കൂടുതൽ പൊലീസുകാർക്ക് കൊവിഡ് ബാധിച്ചതോടെ ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിക്കുന്ന പൊലീസുകാർക്കുള്ള ധനസഹായം പതിനായിരം രൂപയായി ഡൽഹി സർക്കാർ വെട്ടിക്കുറച്ചു. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു ധനസഹായം. കൂടുതൽ പൊലീസുകാർക്ക് കൊവിഡ് ബാധിക്കുന്നതിനാലും അവരുടെ ആശുപത്രി ചെലവുകൾ വഹിക്കുന്നത് ഡൽഹി പൊലീസാണ് എന്നതിനാലുമാണ് ഇത്തരമൊരു തീരുമാനം.

അതേസമയം, കൊവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ കുടുംബത്തിനുള്ള ധനസഹായം 7 ലക്ഷത്തിൽ നിന്ന് 10 ലക്ഷം ആയി ഉയർത്തിയിട്ടുണ്ട്. ഏഴ് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പടിഞ്ഞാറൻ ഡൽഹിയിലെ വയർലെസ് പൊലീസ് കൺട്രോൾ റൂം പ്രവർത്തനം നിർത്തി.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കൺട്രോൾ റൂം അടച്ചത്. ഇവിടെ പ്രവർത്തിച്ചിരുന്ന 30 പൊലീസുകാർ ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 250ലധികം പൊലീസുകാർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഏപ്രിൽ ആദ്യം ഡൽഹിയിൽ പൊലീസ് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുന്ന സമയത്ത് പൊലീസിലെ രോ​ഗബാധിതരുടെ ആകെ മുപ്പതിൽ താഴെയായിരുന്നു.