പാലക്കുന്ന്: പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഭക്ഷണ കിറ്റ് വിതരണത്തിൽ കൊവിഡ് സുരക്ഷയ്ക്കും പ്രാധാന്യം നൽകി സന്നദ്ധ സംഘടന. വിതരണം ചെയ്യുന്ന കിറ്റിൽ മാസ്കും ഉൾപ്പെടുത്തിയാണ് പാലക്കുന്ന്- കരിപ്പോടി ഗോൾഡ് സ്റ്റാർ വേറിട്ട മാതൃക കാട്ടിയത്. കൊവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി രണ്ട് ജോഡി മാസ്കാണ് നൽകിയത്. ഇതിലൂടെ വിശപ്പടക്കുന്നതോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം വേണമെന്ന സന്ദേശം ക്ലബ്ബ് പ്രവർത്തകർ ജനങ്ങൾക്ക് നൽകി.
കൊവിഡ് കാലത്ത് ക്ലബ്ബ് പരിധിയിലെ സാധാരണക്കാരായ മുഴുവൻ കുടുംബങ്ങൾക്കും വീണ്ടും താങ്ങായി മാറുകയാണ്.' ക്ലബ്ബ്. മാർച്ച് 22 മുതൽ പ്രയാസമനുഭവിക്കുന്ന സാധാരണ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ വിഭവങ്ങൾ അടങ്ങുന്ന നിരവധി കിറ്റുകളാണ് ക്ലബ്ബ് ഭാരവാഹികൾ നേരിട്ടെത്തി വിതരണം ചെയ്തത്. ബിരിയാണി അരി, കോഴിയിറച്ചി, എണ്ണ,നെയ്യ്, പച്ചക്കറി, മിഠായികൾ.മൈലാഞ്ചി ട്യൂബ് എന്നിവയാണ് ഈ വർഷത്തെ പെരുന്നാൾ കിറ്റിലെ മറ്റു വിഭവങ്ങൾ. പ്രസിഡന്റ് അബ്ദുല്ല മമ്മു ഹാജി , ജനറൽ സെക്രട്ടറി അൻസാരി, കെ. മാജിദ് എന്നിവരുടെ നേതൃത്വത്തിലാണ് സാമൂഹ്യ അകലം പാലിച്ച് കിറ്റുകൾ വീടുകളിൽ എത്തിക്കുന്നത്.