pic

കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളേജിൽ മരിച്ച മാഹി സ്വദേശി മെഹ്റൂഫിനെ കേരള ലിസ്റ്റിൽ ഉൾപെടുത്തണമെന്ന കേന്ദ്ര നിർദ്ദേശം നാൽപത് ദിവസമായിട്ടും സംസ്ഥാനം അംഗീകരിക്കാത്തതിനെതിരെ പ്രതിഷേധവുമായി കുടുംബം. കേരളത്തിൽ മരിച്ചെങ്കിലും മാഹി സ്വദേശിയായതിനാൽ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്ന് കേരളം വാദിക്കുന്നു. എന്നാൽ മഹാരാഷ്ട്രയിൽ നാല് മലയാളികൾ മരിച്ചപ്പോൾ അത് മഹാരാഷ്ട്രയുടെ കണക്കിലാണ് ചേർത്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര സർക്കാർ. കേരളം കൈയ്യൊഴിഞ്ഞതിൽ പ്രതിഷേധിച്ച് നിയമ നടപടിക്ക് ഒരുങ്ങുകയാണ് മരിച്ച വ്യക്തിയുടെ കുടുംബം.

ഏപ്രിൽ പതിനൊന്നിന് ചികിത്സയിലിരിക്കെയാണ് മെഹറൂഫ് മരിച്ചത്. മരിച്ച് 40 ദിവസം കഴിഞ്ഞിട്ടും ഇതുവരെ കേരളമൊ പുതുച്ചേരിയൊ ഈ മരണം തങ്ങളുടെ കണക്കിൽ ചേർത്തിട്ടില്ല. കേരളത്തിൽ കഴിഞ്ഞ ദിവസം വരെ 666 പേർക്ക് കൊവിഡ് ബാധിച്ചെന്ന് കേന്ദ്രത്തിലേയും കേരളത്തിലേയും വെബ്സൈറ്റുകളിൽ ഒരുപോലെയുണ്ട്. പക്ഷെ മരിച്ചവരുടെ ലിസ്റ്റിൽ മാത്രം കേന്ദ്ര കണക്കിൽ നിന്നും ഒരെണ്ണം കുറവാണ് കേരളം രേഖപ്പെടുത്തിയത്.

രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെയാണോ അവിടത്തെ ലിസ്റ്റിലാണ് ഉൾപെടുത്തേണ്ടത് എന്ന കേന്ദ്ര നിർദ്ദേശ പ്രകാരം കേരളം പേര് ചേർക്കണമെന്നാണ് പുതുച്ചേരി സർക്കാർ പറയുന്നു.എന്നാൽ സംസ്ഥാന പട്ടികയിൽ മാഹി സ്വദേശിയുടെ മരണം ഉൾപ്പെടുത്താനാകില്ലെന്നും ഇക്കാര്യം കേന്ദ്രത്തിനെ അറിയിച്ചെന്നും ആരോഗ്യമന്ത്രി ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലും വ്യക്തമാക്കി.