pic

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് പുലർച്ചെയും രാവിലെയുമായി രണ്ട് ട്രെയിനുകളിലായി എത്തിയത് 279 യാത്രക്കാർ. ഇവരിലാർക്കും ആർക്കും കൊവിഡ് ലക്ഷണങ്ങളില്ല. പനി, ശരീരോഷ്മാവിൽ വ്യത്യാസം തുടങ്ങി കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാൽ ഇവരെ പരിശോധനകൾക്കുശേഷം വീടുകളിൽ നരീക്ഷണത്തിൽ പോകാൻ അനുവദിച്ചു.

ന്യൂഡൽഹി –തിരുവനന്തപുരം രാജധാനി എക്സ്‌പ്രസും ജയ്‌പൂർ –തിരുവനന്തപുരം എക്സ്‌പ്രസുമാണ് രാവിലെ എത്തിയത്.ജലന്ധർ - തിരുവനന്തപുരം എക്സ്‌പ്രസ് അൽപ്പസമയത്തിനകവും ന്യൂഡൽഹി -തിരുവനന്തപുരം എക്സ്‌പ്രസ് വൈകിട്ട് മൂന്നിനും തിരുവനന്തപുരത്തെത്തുമെന്നാണ് അറിയിപ്പ്.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ ന്യൂഡൽഹിയിലേക്ക് ഇന്ന് രാത്രി 7.45 നും ജയ്‌പൂരേക്ക്‌ രാത്രി എട്ടിനും ഓരോ ട്രെയിൻ പുറപ്പെടും. കൂടുതൽ ട്രെയിനുകൾ എത്തിച്ചേരുന്നതിന്റെ ഭാഗമായി സ്റ്റേഷനിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ എർപ്പെടുത്തി. പോകേണ്ട യാത്രക്കാരെ പവർ ഹൗസ് റോഡിലെ കവാടം വഴിയേ പ്രവേശിപ്പിക്കൂ. പല സമയത്തായി മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരുന്ന ട്രെയിനുകളിൽനിന്ന് യാത്രക്കാരെ സാമൂഹ്യ അകലം പാലിച്ച് ആരോഗ്യ പരിശോധന നടത്തി പ്രത്യേകം ക്രമീകരിച്ച കവാടങ്ങളിലൂടെ മാത്രമേ സ്റ്റേഷന് പുറത്തിറങ്ങാൻ അനുവദിക്കൂ.