amal-khashoggi

റിയാദ്: പിതാവിന്റെ ഘാതകർക്ക് മാപ്പ് നൽകിക്കൊണ്ട് ഒരു കുടുംബത്തിന്റെ ത്യാഗം. സൗദിയിൽ പത്രപ്രവർത്തകനായിരുന്ന ജമാൽ ഖഷോഗിയെ കൊന്ന കേസിൽ വധശിക്ഷയും തടവും ശിക്ഷിച്ചവർക്കാണ് കുടുംബം മാപ്പ് നൽകിയിരിക്കുന്നത്. ഖഷോഗിയുടെ മകനും പത്രപ്രവർത്തകനുമായ സലാ ഖഷ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പിതാവിനെ കൊന്നവരോട് ഞങ്ങൾ ക്ഷമിക്കുകയും മാപ്പ് നൽകുകയും ചെയ്യുന്നു വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റ് കൂടിയായ മകൻ സലാ ഖഷഗ്ജി ട്വിറ്ററിൽ കുറിച്ചു. പ്രതികളിൽ 11 പേരിൽ അഞ്ചു പേർക്ക് കഴിഞ്ഞ ഡിസംബറിൽ വധശിക്ഷയും മൂന്ന് പേർക്ക് 24 വർഷം തടവും വിധിച്ചിരുന്നു. മറ്റുള്ളവരെ പ്രോസിക്യൂഷൻ കുറ്റവിമുക്തരാക്കിയിരുന്നു.

വർഷങ്ങളായി സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനായ ഖഷോഗിയെ 2018 ഒക്ടോബർ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി എംബസിയിൽവച്ച് 15 അംഗ സൗദി സംഘം കൊലപ്പെടുത്തിയത്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാനായില്ല, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്‌‌ണങ്ങളാക്കി ആസിഡിൽ ഇട്ട് നശിപ്പിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

കൊലപാതകം ആദ്യം നിഷേധിച്ച സൗദി അറേബ്യ അന്താരാഷ്ട്ര സമ്മർദ്ദം വന്നതോടെ പതിനൊന്ന് പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. വധത്തിനു പിന്നിൽ സൗദി കിരിടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്ന സി.ഐ.എയുടെ കണ്ടെത്തൽ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തള്ളിയിരുന്നു. തങ്ങളുടെ അറിവില്ലാതെയാണ് സൗദി ഉദ്യോഗസ്ഥർ ഖഷോഗിയെ കൊലപ്പെടുത്തിയതെന്നാണ് സൗദി അവകാശപ്പെടുന്നത്.

ചാർട്ടേഡ് വിമാനങ്ങളിലാണ് സൗദിയിൽ നിന്ന് 15 അംഗ സംഘം തുർക്കിയിലെത്തി കൊലപാതകം നടത്തി മടങ്ങിയത്. തുർക്കി പൗരയെ വിവാഹം കഴിക്കുന്നതിനായി ഇസ്താംബൂളിലെ സൗദി കോൺസിലേറ്റിൽ നിന്ന് നിയമപരമായ കടലാസുകൾ വാങ്ങാൻ എത്തിയപ്പോഴായിരുന്നു കൊല നടന്നത്.