ksrtc

കാഞ്ഞങ്ങാട്: ലോക്ക് ഡൗൺ കാലത്ത് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നത് കടുത്ത നഷ്ടവും പേറി. കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ബസുകളിൽ മലയോര മേഖലയിലേക്ക് ഓടുന്നവയിൽ പലതിനും 2500 രൂപ മാത്രമേ വരുമാനം ലഭിക്കുന്നുള്ളൂ. ദേശീയപാതയിലാകട്ടെ പരമാവധി അയ്യായിരം രൂപയും. പല ബസുകളുടെയും സമയം അറിയാത്തതാണ് മലയോരത്തേക്കുള്ള ബസുകളിൽ ആളെ ലഭിക്കാത്തതിന് കാരണമെന്ന് ജീവനക്കാർ പറയുന്നു.

കാഞ്ഞങ്ങാട് സബ് ഡിപ്പോ 17 ബസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. നേരത്തെ 320 കിലോ മീറ്റർ ഓടിയിരുന്നപ്പോൾ 12,000 രൂപ വരുമാനം ലഭിച്ച സ്ഥാനത്താണ് ഈ അന്തരം. ഒരിക്കലും ലാഭം ഉണ്ടാക്കാനല്ല ഇപ്പോഴത്തെ സർവീസെന്നും അടിയന്തര ആവശ്യത്തിനായി പോകേണ്ടവരെ സഹായിക്കാൻ മാത്രമാണെന്നും ജീവനക്കാരോട് അധികൃതർ അടിക്കടി ആവർത്തിച്ച് നിർദ്ദേശം നൽകുന്നുണ്ട്. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്ക് 3 മുതൽ 7 വരെയും സർവീസ് നടത്തുന്നുണ്ട്. പക്ഷെ, 200 കിലോ മീറ്റർ ദൂരം മാത്രമേ ഒരു ബസ് ഓടിക്കുന്നുള്ളൂ.

ചില സമയങ്ങളിൽ കൂട്ടത്തോടെ യാത്രക്കാരെത്തി ബസിൽ കയറ്റണമെന്ന് ആവശ്യപ്പെട്ട് തർക്കം ഉണ്ടാകുന്നതും പതിവായിട്ടുണ്ട്.

ഇതിനിടെ കൂടുതൽ യാത്രക്കാരെ കയറ്റിയ സംഭവങ്ങളിൽ ചില ബസ് യാത്രകളുടെ ഫോട്ടോയും നവ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇത്തരം സംഭവങ്ങളിൽ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

മലബാറിലെ ജില്ലകളിൽ കഴിഞ്ഞ ദിവസം മുതൽ ചില സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇവയിലൊന്നും അനുവദനീയമായത്ര പോലും യാത്രക്കാർ കയറാത്തത് പ്രതിസന്ധിയാകുന്നുണ്ട്. കൂടുതൽ ബസുകൾ ഉണ്ടായാലേ ജനങ്ങൾ വീട്ടിൽ നിന്നും ഇറങ്ങാൻ സന്നദ്ധമാകൂ. പക്ഷെ, അത് സാമൂഹ്യ വ്യാപനത്തിൽ കലാശിക്കുമെന്നാണ് ആശങ്ക.