ബംഗളൂരു: കൊവിഡിനുശേഷം മദ്യവില കുത്തനെ കൂട്ടിയതോടെ ഡൽഹിയിലും കർണാടകത്തിലും മദ്യവില്പന വൻതോതിൽ കുറഞ്ഞു. ലോക്ക് ഡൗണിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കാമെന്ന പ്രതീക്ഷയിലാണ് മദ്യത്തിന്റെ വില കൂട്ടിയത്. എന്നാലിത് സർക്കാരുകൾക്ക് തിരിച്ചടിയിലായിരിക്കുകയാണ്. കച്ചവടം വൻതോതിൽ കുറഞ്ഞിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ലോക്ക്ഡൗൺമൂലം വരുമാനം കുറഞ്ഞതിനാൽ പലരുടെയും കൈയിൽ മദ്യം വാങ്ങാൻ പണമില്ലാത്തതാണ് പ്രധാന പ്രശ്നം. കർണാടകത്തിൽ മദ്യവിലയിൽ 21 മുതൽ 31ശതമാനം വരെ യാണ് കൂട്ടിയത്.
വില കൂട്ടിയതിനു പിന്നാലെ കർണാടകത്തിൽ മദ്യ വിൽപനയിൽ അറുപതുശതമാനമാണ് ഇടിവുണ്ടായത്. ആദ്യദിവസങ്ങളിൽ വില്പന നന്നായി ഉയർന്നശേഷമാണ് കുത്തനെ താഴേക്ക് പോയത്. സംസ്ഥാനത്ത് ആകെയുള്ള 10,050 മദ്യവില്പനശാലകളിൽ 4,880 എണ്ണം മാത്രമേ തുറന്നിട്ടുള്ളു.
ഡൽഹിയിലും കാര്യങ്ങൾ സമാന രീതിയിൽ തന്നെയാണ്. കച്ചവടം പകുതിയിലേറെ കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ ഇനി കച്ചവടം ഉയരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കേരളത്തിലും മദ്യത്തിന്റെ നികുതി കൂട്ടിയിരിക്കുകയാണ്. പക്ഷേ, മദ്യവില്പനശാലകൾ ഇതുവരെ തുറന്നിട്ടില്ല.