കൊച്ചി: കൊവിഡ് തകർത്ത സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ വായ്‌പാ പലിശനിരക്ക് കുറച്ചും തിരിച്ചടവിന്റെ മോറട്ടോറിയം നീട്ടിയും റിസർവ് ബാങ്കിന്റെ ആശ്വാസ നടപടി. റിപ്പോ നിരക്ക് കുറച്ചതോടെ ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശ കുറയും.
മോറട്ടോറിയം ജൂൺ ഒന്നു മുതൽ ആഗസ്‌റ്ര് 31 വരെയുള്ള വായ്‌പാ തിരിച്ചടവുകൾക്ക് കൂടിയാണ് നീട്ടിയത്. ഈ കാലയളവിലെ പലിശ ആഗസ്‌റ്രിന് ശേഷം ഘട്ടംഘട്ടമായി അടച്ചാൽ മതി. വാഹന വായ്‌പ, ഭവന വായ്‌പ, സംരംഭക വായ്‌പ എന്നിവയ്ക്കെല്ലാം ബാധകമാണ്. വാണിജ്യ ബാങ്കുകൾ, എൻ.ബി.എഫ്.സികൾ, ഭവന വായ്‌പാ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ തുടങ്ങിയവയുടെ വായ്‌പകൾക്ക് മോറട്ടോറിയം നേടാം.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്കിന്റെ മൂന്നാമത്തെ ആശ്വാസ നടപടിയാണിത്. മാർച്ച് 27ന് 3.74 ലക്ഷം കോടിയുടെയും ഏപ്രിൽ17ന് ഒരുലക്ഷം കോടിയുടെയും പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
റിപ്പോ
റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്‌പയുടെ പലിശ. റിപ്പോ നിരക്ക് 0.40% കുറച്ച് 4.00 ശതമാനമാക്കി.
നേട്ടം: നിലവിലെ വായ്‌പകളുടെയും പുതിയ വായ്‌പകളുടെയും പലിശ കുറയും
ലക്ഷ്യം: വായ്‌പാ വിതരണം കൂടും. അതുവഴി പണലഭ്യത വർദ്ധിക്കും.
റിവേഴ്‌സ് റിപ്പോ
ബാങ്കുകളുടെ നിക്ഷേപത്തിന് റിസർവ് ബാങ്ക് നൽകുന്ന പലിശ. ഇതും 0.40 % കുറച്ച് 3.35 ശതമാനമാക്കി.
ലക്ഷ്യം: ബാങ്കുകൾ അധികപണം റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്തി വായ്‌പയ്ക്ക് ഉപയോഗിക്കുക
നേട്ടം: വായ്‌പ നൽകാൻ ബാങ്കുകൾക്ക് കൂടുതൽ പണം
കോട്ടം: നിക്ഷേപങ്ങളുടെ പലിശനിരക്ക് ബാങ്കുകളും കുറയ്ക്കും
പ്രവർത്തന മൂലധന വായ്‌പ
സംരംഭകർക്ക് ആശ്വാസം. മോറട്ടോറിയം ആഗസ്‌റ്റ് വരെയാക്കി. അധിക പലിശബാദ്ധ്യത 2021 മാർച്ച് 31നകം വീട്ടണം
നേട്ടം: സംരംഭകർക്ക് തിരിച്ചടവിന് മാറ്റിവച്ച പണം ബിസിനസിൽ ഇടാം
മാർജിനൽ സ്‌റ്റാൻഡിംഗ് ഫെസിലിറ്റി
റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ വാങ്ങുന്ന അടിയന്തര വായ്‌പയുടെ പലിശ. ഇത്, 4.65 നിന്ന് 4.25 ശതമാനമാക്കി
നേട്ടം: വായ്‌പാ വിതരണത്തിന് ബാങ്കുകൾക്ക് കൂടുതൽ പണം
സംസ്ഥാനങ്ങൾക്കും നേട്ടം
വായ്‌പാ തിരിച്ചടവിനുള്ള കരുതൽ ശേഖരമായ കൺസോളിഡേറ്റഡ് സിങ്കിംഗ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ്. ഇതുവഴി 13,300 കോടി രൂപ അധികം ലഭിക്കും
ഇനി തുടർച്ചയായി 21 ദിവസം ഓവർഡ്രാഫ്‌റ്രിൽ തുടരാം. നേരത്തേ ഇത് 14 ദിവസമായിരുന്നു. ഒരു ത്രൈമാസത്തിൽ 50 ദവസം ഓവർഡ്രാഫ്‌റ്റിൽ തുടരാം
കൂടുതൽ നേട്ടം
1. കോർപറേറ്റുകൾക്കുള്ള ഗ്രൂപ്പ് വായ്‌പാ അനുപാതം 25ൽ നിന്ന് 30 ശതമാനമാക്കി
2. ചെറുകിട വ്യവസായ വായ്‌പയ്ക്ക് സിഡ്‌ബിക്ക് 15,000 കോടി രൂപ അനുവദിച്ചിരുന്നു. ഇത് 90 ദിവസം കൂടി നീട്ടി
3. ജൂലായ് 31 വരെ അനുവദിച്ച കയറ്റുമതി വായ്‌പകളുടെ തിരിച്ചടവ് കാലാവധി 12ൽ നിന്ന് 15 മാസമാക്കി
4. ഇറക്കുമതി വായ്‌പകളുടെ തിരിച്ചടവ് കാലാവധി ആറിൽ നിന്ന് 12 മാസമാക്കി
5. കയറ്റുമതി / ഇറക്കുമതിക്കാർക്ക് വായ്‌പ നൽകുന്ന എക്‌സിം ബാങ്കിന് 15,000 കോടി