ഗോപാലകൃഷ്ണന്റെ വീട്ടിൽ ചെല്ലുന്ന ആരും സ്വീകരണമുറിയിലെ ആ മണ്ണെണ്ണവിളക്ക് ശ്രദ്ധിക്കും. രാജ്യത്തിനകത്തും പുറത്തും നിരവധി യാത്രകൾ നടത്തിയിട്ടുള്ള ഗോപാലൻ സാർ വാങ്ങിയ പല കൗതുകവസ്തുക്കളും ആ മണ്ണെണ്ണവിളക്കിന് കൂട്ടായി ഷോ കേസിലുണ്ട്. എങ്കിലും ആ കാഴ്ചവസ്തുക്കളുടെ രാജാവ് മണ്ണെണ്ണ വിളക്കുതന്നെ. ചിലർ ചോദിക്കും കണ്ണേറുദോഷം വരാതിരിക്കാനാണോ സുന്ദരവസ്തുക്കൾക്കിടയിൽ ആ വികൃതരൂപം വച്ചിരിക്കുന്നതെന്ന്. ചിലർക്ക് വാസ്തു ശാസ്ത്രമനുസരിച്ചാണോ എന്നാണ് സംശയം. മനസിനുള്ളിൽ നന്മയുടെ അംശമുള്ളവർ ചോദിക്കാറുണ്ട്, ആ വിളക്കിന് പറയാൻ ഇരുട്ടിന്റെ ഒരു കാലമുണ്ടല്ലോ. ശരിയാണ്. സർ അതിനോട് യോജിക്കും.
ഇപ്പോൾ നഗരത്തിലാണ് വാസമെങ്കിലും മണ്ണെണ്ണ വിളക്ക് അദ്ധ്യക്ഷനായിരിക്കും. പുതിയ വീട് ഒരു കുടുംബവീടാണ്. എല്ലാ വിഷുവിനും നിലവിളക്കിനൊപ്പം മണ്ണെണ്ണവിളക്കും കത്തിക്കും. ആ പ്രകാശത്തിൽ കുന്നുകൾ മുഖാമുഖം നോക്കുന്ന ഗ്രാമത്തിലെ ബാല്യം ഓർത്തുപോകും. രാത്രിയെ കടത്തിവിടാൻ സന്ധ്യയ്ക്ക് നാമജപത്തിനായി കൊളുത്തുന്ന നിലവിളക്കുണ്ടാവും. പഠിക്കാൻ മണ്ണെണ്ണ വിളക്കും. ആ വിളക്ക് പകർന്ന പ്രകാശത്തിലാണ് എല്ലാക്ലാസിലും പഠിച്ച് മുന്നേറിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴും ഗ്രാമത്തിൽ വൈദ്യുതി എത്തിയിട്ടില്ല. ശരിക്കും വൈദ്യുതിയെത്തുന്നത് ഗോപാലകൃഷ്ണന്റെ വിവാഹത്തിനാണ്. അന്നൊരു ഉത്സവമായിരുന്നു. പത്താംക്ലാസിൽ സ്കൂളിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയപ്പോൾ നാട്ടുകാരുടെയും ഗുരുക്കന്മാരുടെയും വകയായി പല സമ്മാനങ്ങളും കിട്ടി. ഒരുദിവസം വൈകിട്ട് അച്ഛൻ ഗ്രാമക്കവലയിൽ നിന്ന് മടങ്ങുമ്പോൾ ഒരു സമ്മാനവും കരുതിയിരുന്നു. കൗതുകം തോന്നിക്കുന്ന ഒരു മണ്ണെണ്ണ വിളക്ക്. സന്തോഷത്തോടെ അത് കൊളുത്തിവയ്ക്കുമ്പോൾ അച്ഛന്റെ സ്നേഹമത്രയും ആ പ്രകാശത്തിലുണ്ടായിരുന്നു. ആ പ്രകാശത്തിലാണ് പിന്നെ ഗുരുദേവകൃതികളും ബൈബിളുമൊക്കെ വായിച്ചത്. എം.എ മലയാളത്തിന് ഒന്നാം റാങ്ക് കിട്ടിയതിന്റെ ക്രെഡിറ്റും ഗോപാലകൃഷ്ണൻ നൽകിയത് അച്ഛനും ആ വിളക്കിനുമാണ്.
നഗരത്തിൽ വീടുവച്ചപ്പോഴും ആദ്യനാളുകളിൽ ആ മണ്ണെണ്ണവിളക്കിന്റെ കുറവ് ഗോപാലകൃഷ്ണന് അനുഭവപ്പെട്ടു. വിലകൂടിയ ആഡംബര വിളക്കുകൾക്ക് വേണ്ടത്ര പ്രകാശമില്ലേ എന്ന സംശയം. പിന്നെ കുടുംബവീട്ടിൽ പോയി മടങ്ങുമ്പോൾ രണ്ടെണ്ണം കാറിലെടുത്തുവച്ചു. അമ്മ നട്ടുവളർത്തിയ കൃഷ്ണതുളസിയുടെ ഒരു തൈയും അച്ഛൻ സമ്മാനിച്ച മണ്ണെണ്ണ വിളക്കും. ഇരുവരും ഒപ്പമില്ലെങ്കിലും വീട്ടിൽ സദാഉണ്ടെന്ന പ്രതീതി. അതൊരു വലിയ കരുത്താണ്, ഊർജമാണ്.
എല്ലാവർക്കും കുട്ടിക്കാലത്ത് നിന്ന് എടുത്തു സൂക്ഷിക്കാൻ പല ഓർമ്മകളും ഉണ്ടാകും. നേട്ടങ്ങളുടെ പ്രളയത്തിൽ പലരും അതൊക്കെ വഴിയിൽ ഉപേക്ഷിക്കും. നശിച്ച ഓർമ്മകളെന്ന് മുദ്രകുത്തി സ്വയം ശപിക്കുന്നവരുമുണ്ട്. രക്ഷിതാക്കളുടെ ഓർമ്മദിനങ്ങളിലും ഗോപാലകൃഷ്ണൻ ആഡംബരവിളക്കുകൾ കെടുത്തിയിട്ട് പൂമുഖത്ത് മണ്ണെണ്ണവിളക്ക് കൊളുത്തിവയ്ക്കും. പിന്നിട്ട ദശാബ്ദങ്ങളും പുഞ്ചിരിയും കണ്ണീരും ആ ഇത്തിരിവെട്ടത്തിൽ ഗോപാലകൃഷ്ണൻ വായിച്ചിരിക്കും.
(ഫോൺ: 9946108220)