മുംബയ്: കൊവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളെ പിഴിഞ്ഞ് കോടികൾ സമ്പാദിക്കുന്ന ആശുപത്രികൾക്ക് കൂച്ചുവിലങ്ങിട്ട് മഹാരാഷ്ട്രയിലെ ഉദ്ദവ് സർക്കാർ. സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം ബെഡുകളിലെ രോഗികളിൽ നിന്ന് മാത്രം ഇനി നിയന്ത്രിതമായ രീതിയിൽ ഫീസ് ഈടാക്കാം. മറ്റ് ബെഡ് എല്ലാം കൊവിഡ് ഭീതി അകലും വരെ സർക്കാരിനായിരിക്കും.
രാജ്യത്ത് ഏറ്റവുമധികം പേർ രോഗികളാകുകയും മരിക്കുകയും ചെയ്തതോടെയാണ് നടപടി കർശനമാക്കുന്നത്. ഓരോ രോഗിയിൽ നിന്നും ലക്ഷങ്ങൾ ഫീസീടാക്കുമ്പോൾ സർക്കാർ കാഴ്ചക്കാരനായി നോക്കി നിൽക്കുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് നടപടി തുടങ്ങിയത്. ഇതിനകം സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 40,000 കടന്നിരിക്കുകയാണ്.
ആശുപത്രികളിലെ ഇരുപത് ശതമാനം ബെഡുകളിലെ ഐസൊലേഷൻ വിഭാഗത്തിൽ 4000, ഐ.സി.യുവിൽ 7500, വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യുവിൽ 9000 രൂപ വീതമാണ് ഇനി ഈടാക്കുക. ചികിത്സയുടെ ഗുണനിലവാരത്തിൽ മാറ്റമുണ്ടായാൽ ആശുപത്രി മാനേജ്മെന്റിനെതിരെ നടപടിയുണ്ടാകും.
ശസ്ത്രക്രിയ, കാൻസർ ചികിത്സ തുടങ്ങിയ 270 സൗകര്യങ്ങൾക്ക് ഇനി സർക്കാർ നിശ്ചയിച്ച തുകയേ ഈടാക്കാനാകൂ. സാധാരണ പ്രസവത്തിന് 75,000 രൂപയും സിസേറിയൻ പ്രസവങ്ങൾക്ക് 86,250 രൂപയിലും കൂടുതൽ ഈടാക്കിയാൽ ആശുപത്രി അധികൃതർ നിയമ നടപടി നേരിടേണ്ടി വരും. കാൽമുട്ട് മാറ്റിവെക്കാൻ 1,60,000 രൂപ, ആൻജിയോഗ്രാഫിക്ക് 12,000, ആൻജിയോപ്ലാസ്റ്റിയ്ക്ക് 1.2 ലക്ഷം എന്നിങ്ങനെയാണ് സർക്കാർ നിശ്ചയിച്ച ഫീസ് ഘടന.