തിരുവനന്തപുരം: സ്‌പ്രിൻക്ലറിൽ പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസിൽ കോടതിയും പ്രതിപക്ഷവും മനസിലാക്കിയപ്പോൾ അവസാനം വരെ മുടന്തൻ ന്യായവുമായി സർക്കാർ പിടിച്ചുനിൽക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം ഈ ആരോപണം ഉന്നയിച്ചില്ലായിരുന്നുവെങ്കിൽ അമേരിക്കൻ കമ്പനിക്ക് കൊവിഡ് മറവിൽ ചാകരയാകുമായിരുന്നു.
ഈ ഡേറ്റകളെല്ലാം എൽ.ഡി.എഫ് അടുത്ത തിരഞ്ഞെടുപ്പിലേക്ക് ഉപയോഗിക്കുമായിരുന്നു. അതീവ രഹസ്യമായാണ് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഈ ഡേറ്റ അമേരിക്കൻ കമ്പനിയ്ക്ക് കൊടുത്തിരുന്നത്. ഒരു വിധത്തിലുമുള്ള ചർച്ച ഒരു സമിതികളിലും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നില്ല. പ്രതിപക്ഷം ഉന്നയിക്കുന്നതു വരെ സർക്കാരിന് ഒരു ഫയൽ പോലും ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല ആവർത്തിച്ചു.
കൊവിഡ് മറവിൽ ലോകത്തെമ്പാടും ഏകാധിപതികൾ ജനാധിപത്യധ്വംസനം നടത്തുകയാണ്. തിരുവനന്തപുരത്തും അതുതന്നെയാണ് കാണാൻ കഴിയുന്നത്. അതിന് മികച്ച ഉദാഹരണമാണ് കൊവിഡ് മറവിൽ നടന്ന ഡേറ്റ കച്ചവടം. പുതുതായി സത്യവാങ്മൂലം നൽകിയതിലൂടെ എട്ട് കാര്യങ്ങളിലാണ് സർക്കാർ ഇതുവരെ പിന്നോക്കം പോയിരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സിഡിറ്റും ഐ.ടി മിഷനും ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളെ വിവരശേഖരണത്തിനും വിശകലനത്തിനും വേണ്ടി ഉപയോഗിക്കണമെന്നാണ് പ്രതിപക്ഷം ആദ്യമേ ഉന്നയിച്ചിരുന്നത്. അന്ന് ഇതിനൊന്നും സൗകര്യമില്ലെന്നാണ് സർക്കാർ പറഞ്ഞത്. ഇപ്പോൾ സിഡിറ്റിനെ കൊണ്ട് ചെയ്യാൻ കഴിയുമെന്നാണ് സർക്കാർ പറയുന്നത്. അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടിയെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്.
മാർച്ച് 27 മുതൽ ഏപ്രിൽ മൂന്ന് വരെ ഈ വിദേശ കമ്പനിയക്ക് പോയ ഡേറ്റയുടെ കാര്യത്തിൽ വ്യക്തതയില്ല. ഇപ്പോൾ അതിന് കേന്ദ്രസഹായം വേണമെന്നാണ് സർക്കാർ കോടതിയിൽ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു. എങ്ങനെയാണ് നടപടിക്രമങ്ങളില്ലാതെ ഈ അമേരിക്കൻ കമ്പനിയെ മാത്രം തിരഞ്ഞെടുത്തതെന്ന് സർക്കാർ കോടതിയിലോ മുഖ്യമന്ത്രി ജനങ്ങളോടൊ വിശദീകരിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.