തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസം കഴിയും തോറും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നു. രോഗം കൈവിട്ടു പോകുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതുകൊണ്ട് അതീവ ജാഗ്രത വേണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. വിദേശത്ത് നിന്നും അന്യനാടുകളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങിയതോടെയാണ് രോഗികളുടെ എണ്ണം കൂടിയത്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 177 ആയി.
ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറം ജില്ലയിലാണ്. കുറവ് ഇടുക്കിയിലും. മലപ്പുറത്ത് 35 പേരാണ് ചികിത്സയിലുള്ളത്. പാലക്കാടും കണ്ണൂരും 21 രോഗികൾ വീതം. കാസർകോട് 15, കോഴിക്കോട് 14, തൃശൂർ 13, വയനാട് 11, എറണാകുളം, തിരുവനന്തപുരം 9 വീതം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട 7 വീതം, കൊല്ലം 6, ഇടുക്കി 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് രോഗികളുടെ കണക്ക്.
കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ തുടങ്ങിയെങ്കിലും പല ജില്ലകളിലും യാത്രക്കാരില്ലാത്ത അവസ്ഥ. സർവീസ് നടത്തുന്ന ബസുകളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെങ്കിലും യാത്ര ചെയ്യാൻ ആളില്ലാതായതോടെ തിരുവനന്തപുരം ജില്ലയിൽ തുടങ്ങിയ സർവീസുകളിൽ പകുതിയോളം വെട്ടിക്കുറച്ചു. കടുത്ത നഷ്ടമാണ് സർവീസിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.