fennel-seed

നമ്മുടെ ഭക്ഷണത്തിൽ നിന്നും അക്കറ്റി നിർത്താൻ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ് പെരുംജീരകം. ഏത് ഭക്ഷണം പാകം ചെയ്താലും അതിൽ പെരുംജീരകം കാണും രുചിയും സുഗന്ധവും വർദ്ധിപ്പിക്കുന്നതിനായി. പാചകത്തിന് മാത്രമല്ല, ആയുർവേദത്തിൽ ഔഷധപ്രാധാന്യമുള്ള ഒന്നായിയും പെരുംജീരകം ഉൾപ്പെടുത്തിയിട്ടുണ്ട്.എന്തൊക്കെയാണെങ്കിലും നമ്മളിൽ ആരും തന്നെ ഇതുവരെയും ഇത് കൃഷി ചെയ്ത് നോക്കിയിട്ടില്ല എന്നതാണ് സത്യം.

കേരളത്തിൽ ഇത് കൃഷി ചെയ്യാനുള്ള സാധ്യതയില്ല എന്ന ധാരണ ആയിരിക്കാം ഇതിന് പിന്നിൽ. എന്നാൽ ഇനി അങ്ങനെയല്ല, നമുക്കാവശ്യമുള്ള പെരുംജീരകം സ്വന്തമായി തന്നെ കൃഷി ചെയ്യാൻ സാധിക്കും.അതിന് ആദ്യം മണ്ണ് നന്നായി കിളച്ചിളക്കി കട്ടയുടച്ച് പരുവപ്പെടുത്തിയശേഷം അവിടെ വിത്തുപാകണം. കടയിൽ നിന്ന് ലഭിക്കുന്ന ജീരകവും വേണമെങ്കിൽ വിത്തായി ഉപയോഗിക്കാവുന്നതാണ്. വിത്ത് പാകി മുളപ്പിച്ച തൈകൾ ഒര് മാസത്തോടെ പറിച്ചുനടാം. നിലം ഒരുക്കി ധാരാളം ജൈവവളം ചേർത്ത് കൊടുക്കണം. തൈകൾക്ക് ആദ്യഘട്ടത്തിൽ ചെറിയ താങ്ങ് കൊടുക്കണം. മേൽ വളമായി മണ്ണിരകമ്പോസ്റ്റോ ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ നിലക്കടല പിണ്ണാക്കോ ചേർക്കാം. കളകൾ മറക്കാതെ നീക്കം ചെയ്യണം. ഒന്നരമാസം കൊണ്ടിത് പൂക്കുന്നു. മൂന്ന് മാസത്തോടെ വിളവെടുക്കാവുന്നതാണ്. ഇലകൾക്ക് പച്ചയും പൂക്കൾക്ക് മഞ്ഞയും നിറങ്ങളാണ്. പച്ചനിറം മാറുന്നതിന് മുമ്പ് തന്നെ ജീരകം പറിച്ചെടുത്ത് ഉണക്കി ഉപയോഗിക്കാവുന്നതാണ്.

ദഹനക്കേട് തടയാനും, ശ്വാസശുദ്ധിക്കും, രക്തസമ്മർദ്ദം കുറയ്ക്കാനും തുടങ്ങി നിരവധി രോഗങ്ങൾക്ക് ഇത് ഉത്തമ ഔഷധമാണ്. ഇവയുടെ കായ്കൾ മാത്രമല്ല ഇലയും, തണ്ടുമെല്ലാം പാചകത്തിന് ഉപയോഗിക്കാവുന്നതാണ്.