കൊൽക്കത്ത: 283 വർഷത്തിനിടെ ബംഗാളിലും ഒറീസയിലും വീശിയ അതി ശക്തമായ ഉംപുൻ ചുഴലിക്കാറ്റിൽ നാശമുണ്ടായ സ്ഥലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകാതെ വ്യോമനിരീക്ഷണം നടത്തും. ഒപ്പം പശ്ചിമബംഗാൾ ഗവർണർ ജഗ് ദീപ് ധൻകാറും മുഖ്യമന്ത്രി മമത ബാനർജിയുമുണ്ടാകും.രാവിലെ 11 മണിയോടെ കൽക്കത്തയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ജഗ് ദീപ് ധൻകാറും മുഖ്യമന്ത്രി മമത ബാനർജിയും സ്വീകരിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രധാനമന്ത്രിയുടെ ഡൽഹിയിലല്ലാതെയുള്ള ആദ്യ സന്ദർശനമാണിത്. മുൻപ് ഫെബ്രുവരി 29ന് ഉത്തർപ്രദേശിൽ പ്രയാഗ് രാജിലും, ചിത്രകൂടിലുമാണ് മോദി സന്ദർശനം നടത്തിയത്. ബംഗാൾ തലസ്ഥാനമായ കൽക്കത്തയിലും മറ്റ് രണ്ട് ജില്ലകളിലും ഉംപുൻ ചുഴലിക്കാറ്റ് വൻ നാശം വിതച്ചു. ദുരന്തത്തെ മറികടക്കാൻ പ്രത്യേകമായ സാമ്പത്തിക പാക്കേജ് മമത ബാനർജി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബസിർ ഹട്ടിൽ ഉന്നതതല മീറ്റിംഗ് നടത്തും. പിന്നീട് കൽക്കത്തയിലേക്ക് മടക്കും.
ബംഗാളിലെ സന്ദർശന ശേഷം പ്രധാനമന്ത്രി ഒഡീഷയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പുറപ്പെടും. 72 ജീവനുകളാണ് ഉംപുൻ ചുഴലിക്കാറ്റിൽ ബംഗാളിൽ മാത്രം പൊലിഞ്ഞത്.