ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ വാഹന ഉപയോഗ ഹബ്ബായി ഇന്ത്യയെ ഉയർത്താനുള്ള ആദ്യപടിയായി 'വാഹന സ്ക്രാപ് നയം' കേന്ദ്ര സർക്കാർ നടപ്പാക്കാൻ തയ്യാറാണെന്ന് കേന്ദ്ര റോഡ് ഗതാഗതം ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. പുതിയ സ്ക്രാപ് നയത്തിലൂടെ പഴയ കാറുകൾ, ബസുകൾ, ട്രക്കുകൾ എന്നിവ പൊളിച്ച് നീക്കും. കാലാവധി കഴിഞ്ഞവയാണ് ഇങ്ങനെ ചെയ്യുക.
വാഹനങ്ങൾ പൊളിക്കാനായി റീസൈക്കിൾ കേന്ദ്രങ്ങൾ തുറമുഖങ്ങളുടെ അരികിൽ സ്ഥാപിക്കും. രാജ്യത്തെ തുറമുഖങ്ങളുടെ ആഴം പതിനെട്ട് മീറ്രറായി വർദ്ധിപ്പിക്കും. റീസൈക്കിൾ ചെയ്ത് ലഭിക്കുന്ന ആക്രി സാധനങ്ങൾ വാഹന വ്യവസായത്തിൽ പുത്തൻ കാറുകൾ, ബസുകൾ, ലോറികൾ ഒക്കെ നിർമ്മിക്കാൻ ഉപയോഗിക്കും. ഇതുകൊണ്ട് നിലവിലുള്ളതിനെക്കാൾ വാഹന ഉൽപാദ ചിലവ് കുറയും.
അഞ്ച് വർഷത്തിനകം ഇന്ത്യയെ വാഹന നിർമ്മാണ ഹബ്ബാക്കി മാറ്രും.പൂനയിലെ എംഐറ്റി എഡിറ്രി സർവ്വകലാശാലയിലെ മീറ്രിംഗിൽ വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പ്രസ്താവിച്ചത്. കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രാലയം 2019 ഒക്ടോബറിൽ പുറത്തിറങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമാണ് ഈ തീരുമാനം. എന്നാൽ ഇനിയും ഏറെ കടമ്പകൾ ഇതിനായി കടക്കാനുണ്ട്.