കൊവിഡ് 19നെ പ്രതിരോധിക്കാൻ കഞ്ചാവിന് സാധിക്കുമെന്ന കണ്ടെത്തലുമായി കനേഡിയൻ ശാസ്ത്രജ്ഞർ . ഏപ്രിലിൽ പതിമൂന്നോളം കഞ്ചാവ് ചെടികളിൽ നടത്തിയ പഠനത്തിലൂടെയാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നു കണ്ടെത്തിയത്. ലെത്ത്ബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകരാണ് ഇതിന് പിന്നിൽ. പഠന ഫലം കണ്ടപ്പോൾ തങ്ങൾ തന്നെ ഞെട്ടിപ്പോയെന്നാണ് ഗവേഷകരിലൊരാളായ ഓൾഗ കോവൽചുക് പറഞ്ഞതായി ന്യുയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ശരീരത്തിനുള്ളിലേക്ക് കൊവിഡ് വൈറസുകൾക്ക് പ്രവേശനമൊരുക്കുന്ന പ്രോട്ടീനുകളെ കഞ്ചാവിന് നിശ്ചലമാക്കാനാകുമെന്നാണ് ഈ ശാസ്ത്ര സംഘം ഓണ്‍ലൈൻ ജേർണലായ പ്രീപ്രിന്റ്സിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നത്.
കഞ്ചാവിന്റെ സാന്നിധ്യം വൈറസിന്റെ ശരീരകോശങ്ങളിലേക്കുള്ള കടന്നുകയറ്റം 70 ശതമാനം വരെ കുറയ്ക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അണുബാധ 70 മുതൽ 80 ശതമാനം വരെ കുറയ്ക്കാൻ സാധ്യതയുള്ള മറ്റ് മരുന്നുകൾ ഇല്ലെന്നും ഇവർ അവകാശപ്പെടുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.