wilson-jerman

വാഷിംഗ്ടൺ : വൈറ്റ്ഹൗസിൽ 11 യു.എസ് പ്രസിഡന്റുമാരുടെ ബട്‌ലറായി പ്രവർത്തിച്ച വിൽസൺ റൂസ്‌വെൽറ്റ് ജെർമൻ കൊവിഡ് ബാധയെ തുടർന്ന് അന്തരിച്ചു. 91 വയസായിരുന്നു. വൈറ്റ് ഹൗസിൽ ഏറ്റവും കൂടുതൽക്കാലം ജോലി ചെയ്തയാളായ വിൽസൺ 1957ൽ അന്നത്തെ പ്രസിഡന്റായിരുന്ന ഐസനോവറിന്റെ സമയത്ത് ക്ലീനർ ആയാണ് വൈറ്റ്‌ഹൗസിൽ ജോലിയിൽ പ്രവേശിച്ചത്.

പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കാലത്താണ് വിൽസണെ വൈറ്റ്ഹൗസിലെ പ്രധാന ബട്‌ലർ ആയി നിയമിച്ചത്. കെന്നഡിയുടെ ഭാര്യ ജാക്വിലിൻ കെന്നഡിയാണ് വിൽസണ് ബട്‌ലറുടെ ജോലി ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ആദ്യം കണ്ടെത്തിയത്. 1997ൽ വൈറ്റ്ഹൗസിൽ നിന്നും വിരമിച്ചെങ്കിലും 2003ൽ വീണ്ടും വിൽസൺ തിരിച്ചെത്തി. 2012ൽ ബറാക് ഒബാമയുടെ ഭരണക്കാലത്താണ് വിൽസൺ ജോലിയിൽ നിന്നും വിരമിച്ചത്. 2011ൽ വിൽസണിന് ഒരു സ്ട്രോക്ക് ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 50 വർഷത്തെ സേവനത്തിനൊടുവിൽ ഔദ്യോഗിക ആദരങ്ങളോടെയാണ് വിൽസണെ ഒബാമയും ഭാര്യ മിഷേലും വൈറ്റ് ഹൗസിൽ നിന്നും യാത്രയാക്കിയത്. വിൽസണിന്റെ മരണത്തിൽ മിഷേൽ ഒബാമ, ഹിലരി ക്ലിന്റൺ, ജോർജ് ബുഷിന്റെ മകൾ ജെന്ന തുടങ്ങിയവർ അനുശോചിച്ചു.