chhattisgarh

ന്യൂഡൽഹി: ലോക്ക്ഡൗണിൽ ജോലിയും ഭക്ഷണവുമില്ലാതെ തൊഴിലാളികൾ ദുരിതം അനുഭവിക്കുമ്പോൾ ഛത്തീസ്ഗഡ് സർക്കാരിന്റെ കരുതൽ. കർഷകർക്ക് ബാങ്ക് അക്കൗണ്ട് വഴി പണം നൽകുന്ന പദ്ധതിയാണ് ആരംഭിച്ചത്. രാജിവ് ഗാന്ധി കിസാൻ ന്യായ് സ്‌കീം എന്ന പേരിൽ ആദ്യഗഡുവായി 1500 കോടി രൂപ, 19 ലക്ഷം കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറി. ഒരു ഏക്കർ കൃഷി ചെയ്യുന്ന കർഷകന് പതിനായിരം രൂപയാണ് സഹായം അനുവദിക്കുക.

കരിമ്പ് കർഷകർക്ക് 13000 രൂപയും നെൽ കർഷകർക്ക് 10000 രൂപയും ലഭിക്കും. പതിനാലിനം കൃഷികളെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് ഗഡുക്കളായി 5750 കോടി രൂപ ബാങ്ക് വഴി വിതരണം ചെയ്യാനാണ് ഭൂപേഷ് ബാഗൽ സർക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനം കർഷകരും പദ്ധതിയുടെ കീഴിൽ വരും. ലോക്ക്ഡൗൺ തുടങ്ങിയതോടെ ദുരിതത്തിലായ തൊഴിലാളികൾ സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനങ്ങളിലേക്ക് കാൽനടയായി സഞ്ചരിക്കുകയാണ്.

കടുത്ത പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും ഇവരെ വലയ്ക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ജനോപകാര പ്രദമായ പദ്ധതികൾ നടത്തി ചോർന്ന് പോയ വോട്ട് ബാങ്ക് തിരികെ പിടിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. യു.പിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി ആയിരം ബസുകൾ പ്രഖ്യാപിച്ചതും ഇത്തരം തീരുമാനത്തിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കുറഞ്ഞ കൂലി ഉറപ്പുവരുത്തുന്ന 'ന്യായ്' പദ്ധതി കൊണ്ടുവരുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. കേന്ദ്ര ഭരണം കൈവിട്ട് പോയെങ്കിലും തങ്ങളുടെ സർക്കാർ ഉള്ള സംസ്ഥാനങ്ങളിലെല്ലാം ഇത് നടപ്പാക്കുമെന്നാണ് തീരുമാനമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു.