എറണാകുളം: ലോക്ക് ഡൗണിനെ തുടർന്ന് മഹാരാഷ്ട്രയിലെ ദോഡാമാർഗിൽ കുടുങ്ങിയ പള്ളുരുത്തി സ്വദേശിനി ഡോക്ടർ ദീപ്തിയും നഴ്സുമാരുമുൾപ്പടെയുള്ള സംഘത്തിന് നാട്ടിലെത്താൻ കഴിഞ്ഞത് ഹൈബി ഈഡൻ എം.പിയുടെ ഇടപെടലിനെ തുടർന്ന്. ലോക്ക്ഡൗൺ ആരംഭിച്ച അന്നു മുതൽ നാട്ടിലേക്ക് വരാനുള്ള ശ്രമങ്ങൾ ഇവർ നടത്തിയിരുന്നു. രണ്ട് തവണ നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ക്യാൻസലായി. ജോലിയും ഇവർക്ക് നഷ്ടമായിരുന്നു.
ഗോവയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റാണ് ഇവർക്ക് ലഭ്യമായിരുന്നത്. മഹാരാഷ്ട്രയിൽ നിന്ന് ഗോവയിലെത്തിയാൽ നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്നതാണ് പ്രശ്നമായത്. ഹൈബി ഈഡൻ എം.പിയെ വിളിക്കാൻ ബന്ധുക്കളാണ് നിർദ്ദേശം നൽകിയത്. എം.പിയെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ ഹൈബി ഈഡൻ എം.പി മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സത്യജിത്ത് സാംവേയുമായി ബന്ധപ്പെട്ടത്.
അരമണിക്കുറിനുള്ളിൽ തന്നെ ഇവർ ഡോക്ടറും നഴ്‌സുമാരും താമസിക്കുന്ന സ്ഥലത്തെത്തി വാഹന സൗകര്യവും ഭക്ഷണവും എത്തിക്കുകയും മഹാരാഷ്ട്രയിലെ പൻവേൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കേരളത്തിലേക്കുള്ള ട്രയിനിൽ യാത്ര തിരിക്കുകയുമായിരുന്നു. രാഹുൽ ഗാന്ധി എം.പിയും, ഓഫീസും ആവശ്യമായ സഹായങ്ങൾ ൽകിയിരുന്നു.
ഡോ.ലിനിയും സഹപ്രവർത്തകരും രാഹുൽ ഗാന്ധിക്കും, ഹൈബി ഈഡൻ എംപിക്കും നന്ദി അറിയിച്ചുകൊണ്ട് സംസാരിക്കുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വയറായിരിക്കുകയാണ്. നേരത്തെ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്നും നിർദേശിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര സ്വദേശികളായ 54 പേർക്ക് നാട്ടിലെത്താനുള്ള സൗകര്യങ്ങൾ ഹൈബി ഈഡൻ എം.പി ഒരുക്കിയിരുന്നു.