covid-19

ചെന്നൈ: ആശങ്കകൾക്ക് അറുതിയില്ലാതെ തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനംകൂടുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്ത് 3382 പേ‍ർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 2520 പേരും ചെന്നൈ നഗരത്തിൽ നിന്ന് മാത്രം ഉള്ളതാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 776 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതിൽ 567 പേർ ചെന്നൈ സ്വദേശികളാണ്.

ഇന്നലെ ഏഴ്പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 94 ആയി. ഇന്നലെ മരിച്ച എല്ലാവരും മറ്റു അസുഖങ്ങൾക്കു ചികിൽസയിലായിരുന്നെന്നു ആരോഗ്യവകുപ്പ് അറിയിച്ചു. 400 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ നിലവിൽ ചികിത്സയിലുള്ളവർ 7588 ആണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്നവർക്ക് രോഗം സ്ഥിരീകരിക്കുന്നതാണ് പുതിയ വെല്ലുവിളിയെന്നു മന്ത്രി സി.വിജയഭാസ്കർ പറഞ്ഞു.

ചെക്ക് പോസ്റ്റുകളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നും, ആരെയും തടയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്നെത്തിയ എട്ട് പേർക്കും, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 79 പേർക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര 76, കേരളം, ഡൽഹി, ബംഗാൾ എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോ ആൾക്കുവീതമാണ് രോഗം സ്ഥിരീകരിച്ചത്. ഈറോഡ്, തിരുപ്പൂർ, ശിവഗംഗ, കോയമ്പത്തൂർ ജില്ലകളിൽ നിലവിൽ രോഗികളില്ല.