റിയാദ്: സൗദിയിൽ ഏർപ്പെടുത്തിയ അഞ്ച് ദിവസത്തെ കർഫ്യൂ നാളെ തുടങ്ങും. 27 വരെയാണ് കർഫ്യൂ. പെരുന്നാൾ അവധി ദിനത്തിൽ കൂടിച്ചേരലുകൾ വ്യാപകമായി ഉണ്ടാകുമെന്നതിനാലാണ് കർഫ്യു ഏർപ്പെടുത്തിയത്. കർശന നിബന്ധനകളാണ് കർഫ്യൂ കാലയളവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അത് ലംഘിച്ചാൽ കടുത്ത പിഴ അടയ്ക്കേണ്ടിവരും. പ്രവാസികളാണ് ലംഘിക്കുന്നതെങ്കിൽ അവരെ നാടുകടത്തും. പിന്നെ ഒരിക്കലും സൗദിയിൽ കടക്കാൻ അനുവദിക്കില്ല.
കർശന ഉപാധികളോടെ ഏതാനും അത്യാവശ്യ സ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. പ്രത്യേക പാസുമായിട്ടാവണം അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങേണ്ടത്. കർഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിന് നേരത്തെ അനുവദിച്ച എല്ലാ കർഫ്യൂ പാസുകളും ഓൺലൈനിൽ പുതുക്കണം. തുറന്നു പ്രവർത്തിക്കാൻ അനുവാദമുള്ള സ്ഥാപനങ്ങൾ കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച എല്ലാ കരുതൽ നടപടികളും സ്വീകരിച്ചിരിക്കണം.ലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങൾക്കുള്ളിൽ കൂടുതൽ ആളുകൾ അകത്തോ പുറത്തോ ഒത്തുകൂടിയാൽ 5,000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ ഈടാക്കും. സ്ഥാപനം അടച്ചു പൂട്ടിക്കും.