ഇസ്ലാമാബാദ് : പാകിസ്ഥാനിൽ കൊവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,603 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 50,694 ആയി. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 50 പേർക്ക് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ മരണ സംഖ്യ 1,067 ആയി.
സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. സിന്ധ് 19,924, പഞ്ചാബ് 18,455, ഖയ്ബർ പഖ്തുൻഖ്വ 7,155, ബലൂചിസ്ഥാൻ 3,074, ഇസ്ലാമാബാദ് 1,326, ഗിൽഗിറ്റ് ബാൾട്ടിസ്ഥാൻ 602, പാക് അധീന കാശ്മീർ 158 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 15,201 പേർക്ക് ഇതേവരെ രോഗം ഭേദമായതായാണ് ആരോഗ്യ വകുപ്പ് പുറത്തുവിടുന്ന വിവരം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1,064 പേർക്ക് രോഗം ഭേദമായി എന്നാണ് റിപ്പോർട്ട്. ഇതേ വരെ 445,987 കൊവിഡ് പരിശോധനകൾ പാകിസ്ഥാനിലുടനീളം നടന്നു. വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പൗരൻമാരെ ഇപ്പോൾ പാകിസ്ഥാൻ രാജ്യത്തേക്ക് മടക്കി കൊണ്ടുവരുന്ന ദൗത്യം തുടരുന്നുണ്ട്. ദുബായിൽ നിന്നും 251 പാക് പൗരൻമാരുമായുള്ള പ്രത്യേക എമിറേറ്റ് വിമാനം കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ എത്തിയിരുന്നു. ഇവരെയെല്ലാം ഇസ്ലാമാബാദിലെ തന്നെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് പരിശോധനകൾക്കായി മാറ്റിയെന്ന് അധികൃതർ പറഞ്ഞു.