കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജിലെ പ്രധാനപ്പെട്ട ഒരിനമായിരുന്നു പൊതുമേഖലയുടെ സ്വകാര്യവത്കരണം.
പൊതുമേഖലയുടെ സ്വകാര്യവത്കരണത്തിന് കോർപ്പററ്റൈസേഷൻ (Corporatisation) എന്ന പേരാണ് നൽകിയിട്ടുള്ളത്. അത് പ്രൈവറ്റൈസേഷൻ (Privatisation) അല്ല. നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വയംഭരണ സ്വതന്ത്ര സ്ഥാപനങ്ങളാക്കുന്ന പ്രക്രിയയാണ് യഥാർഥത്തിൽ കോർപ്പറേറ്റൈസേഷൻ. അല്ലാതെ അത് നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള സ്വകാര്യവൽക്കരണമല്ല. എന്നാൽ കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ച നയം ഈ സ്വകാര്യവൽക്കരണംതന്നെയാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
ഇന്ത്യയിലെ പൊതുമേഖലയെ വർഷങ്ങൾക്കു മുൻപുതന്നെ സ്വതന്ത്രമായി നവീകരിക്കേണ്ടതായിരുന്നു. മാറ്റം അത്യാവശ്യമാണെന്ന് പറയാൻ തുടങ്ങിയിട്ട് എഴുപത് വർഷം പിന്നിട്ടിരിക്കുന്നു. ഏഴു പതിറ്റാണ്ടോളമായി ചർച്ചകൾ നടത്തിയിട്ടും ഒന്നും നടന്നില്ല. ഇന്ത്യൻ പൊതുമേഖല രാഷ്ട്രീയക്കാരുടെ വിശുദ്ധ പശുവാണെന്ന് ചില വ്യക്തികൾ അന്നേ പറഞ്ഞിരുന്നു. ബ്യൂറോക്രസിയുടെ താൻപോരിമയും ആ വിശുദ്ധപശുവിനെ വിട്ടുകളയാനുള്ള രാഷ്ട്രീയക്കാരുടെ മടിയുമാണ് നവീകരണത്തിന് പ്രധാന തടസ്സമായത്. പൊതുമേഖല സ്വാതന്ത്യത്തിന്റെ ആദ്യവർഷങ്ങളിൽ അത്യാവശ്യംതന്നെയായിരുന്നു. ആധുനിക ഭാരതത്തിന്റെ അമ്പലങ്ങൾ എന്ന് ഇവ വിശേഷിപ്പിക്കപ്പെട്ടതും അതിനാലാണ്. എന്നാൽ വിശുദ്ധ പശു സങ്കൽപം തലയ്ക്കു പിടിച്ചതോടെ ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങൾ വകുപ്പിന്റെയോ മന്ത്രാലയങ്ങളുടേയോ ഭാഗമായി മാറുന്ന സ്ഥിതിവന്നു. പൊതുമേഖലയുടെ സ്വയംഭരണാധികാരം പേരിൽ മാത്രമായി. ദുരന്തം അവിടെ ആരംഭിച്ചു.
2018 മാർച്ച് 31ന് ഉള്ള കണക്ക് പ്രകാരം ഇന്ത്യയിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൂടിയുള്ള ആകെ മൂലധനത്തിന്റെ ഉപയോഗം (Capital employed in all CPSEs) 26.33 ലക്ഷം കോടിയാണ്. ഒരു ബിസിനസിൽ പണം നൽകി ഭൂമി, കെട്ടിടങ്ങൾ, ഉപകരണങ്ങൾ എന്നിവ വാങ്ങുകയും ഇതുപയോഗിച്ച് ലാഭമുണ്ടാക്കുകയും ചെയ്യുമ്പോഴാണ് അതിനെ മൂലധനത്തിന്റെ ഉപയോഗം എന്ന് പറയുന്നത്. ഇത്രയും തുക നിക്ഷേപിക്കപ്പെടുമ്പോൾ സ്വകാര്യമേഖലയിലുള്ള കമ്പനികളാണെങ്കിൽ ചുരുങ്ങിയത് 30 ശതമാനം ലാഭം പ്രതീക്ഷിക്കും. എന്നാൽ ഇന്ത്യയിൽതന്നെയുള്ള മെഗാ സ്വകാര്യ കമ്പനികളിൽ പലതും നൂറും ഇരുനൂറും ശതമാനം ലാഭമുണ്ടാക്കുന്നവയാണ്.
എന്നാൽ പൊതുമേഖലയിൽ സംഭവിക്കുന്നതോ? 178 കമ്പനികൾ ഉണ്ടാക്കുന്ന ലാഭം 1.74 ലക്ഷം കോടി മാത്രമാണ്. അതേസമയം 70 കമ്പനികളുണ്ടാക്കുന്ന നഷ്ടം 31,635 കോടിയും. 26.33 ലക്ഷം കോടി മൂലധനമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ ലാഭം 1.42 ലക്ഷം കോടി മാത്രമാണ്. അതിനർഥം കേവലം അഞ്ചു ശതമാനം മാത്രമാണ് നിക്ഷേപത്തിൽ നിന്നു ലഭിക്കുന്ന വരുമാനം. 70 കമ്പനികളുടെ സഞ്ചിത നഷ്ടം മാത്രം 1.18 ലക്ഷം കോടിയിലധികം വരുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 1136 പൊതുമേഖലാ സ്ഥാപനങ്ങൾ ചേർന്ന് 201617 വർഷത്തിലുണ്ടാക്കിയ സഞ്ചിത നഷ്ടം 4.65 ലക്ഷം കോടിയായിരുന്നു. 292 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വളർച്ച താഴോട്ടായിരുന്നെങ്കിൽ 319 സ്ഥാപനങ്ങൾ നിശ്ചലമായിത്തന്നെ നിന്നു.
ഇത്തരമൊരു അന്തരീക്ഷത്തിലാകണം കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണത്തെപ്പറ്റി ചിന്തിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വതന്ത്ര തീരുമാനങ്ങളെടുക്കാനുള്ള തടസ്സമാണ് പ്രശ്നമാകുന്നതെങ്കിൽ പൂർണ സ്വകാര്യവൽക്കരണത്തിലൂടെ ഈ ആസ്തിയത്രയും വിറ്റ് പണമാക്കുന്നതിനു പകരം 49 ശതമാനം ഓഹരി സർക്കാരിൽ നിലനിർത്തിക്കൊണ്ട് 51 ശതമാനം സ്വകാര്യമേഖലയ്ക്ക് നൽകി സ്ഥാപനത്തെ മാനേജ് ചെയ്യാനുള്ള സ്വാതന്ത്ര്യം മാത്രം കൈമാറിയാൽ പോരേ? സ്ഥാപനത്തിന്റെ സ്ഥാവര ആസ്തികൾ പൂർണമായും വിറ്റ് നിലനിൽപ് തന്നെ ഇല്ലാതാക്കുംവിധമുള്ള പ്രവൃത്തികൾക്ക് ഏതെങ്കിലും മാനേജ്‌മെന്റ് തുടക്കമിട്ടാൽ അതിൽ ഒരു നിയന്ത്രണം കൊണ്ടുവരാൻ സ്ഥാപനങ്ങളുടെ ഭരണസമിതികൾക്ക് സാധിക്കണമെങ്കിൽ 49 ശതമാനം ഓഹരി സർക്കാരിൽ നിക്ഷിപ്തമാകണം. അതല്ലെങ്കിൽ പൂർണ സ്വകാര്യവൽക്കരണത്തിൽ നിറഞ്ഞിരിക്കുന്ന അപകടങ്ങളെ ഒരു കാഴ്ചക്കാരനെപ്പോലെ നോക്കിക്കാണാനേ സർക്കാരിന് കഴിയൂ.
ഇന്ത്യയുടെ എണ്ണവ്യവസായത്തിൽ കൃഷ്ണ ഗോദാവരി തടത്തിൽ ഒരു സ്വകാര്യ കമ്പനിക്ക് ഖനന സ്വാതന്ത്ര്യം നൽകിയപ്പോൾ സംഭവിച്ചതെന്താണെന്ന് നോക്കുക.
ആദ്യം മുതൽ ഒരു മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (mmbtu) 2.34 ഡോളറിന് പരസ്പരം സമ്മതിച്ച വില, പിന്നീട് തർക്കമുണ്ടായപ്പോൾ രാഷ്ട്രീയനേതാക്കളും ബ്യൂറോക്രാറ്റ് കിങ്കരന്മാരും ചേർന്ന് 4.20 ആക്കി ഉയർത്തിനൽകി. ഇതിലൂടെ ഖനനം നടത്തുന്ന കമ്പനിക്ക് എണ്ണയുടെ വില ഇരട്ടിയാക്കാൻ സാധിച്ചു. യഥാർഥ ചെലവാകട്ടെ 1.43 ഡോളർ മാത്രമാണുതാനും. പൂർണശേഷിയിൽ ഖനനം നടക്കുമ്പോൾ എണ്ണയുടെ വില കുതിച്ചുയർന്ന് ലക്ഷം കോടിയുടെ അധികലാഭം ഉണ്ടാക്കാൻ കമ്പനിക്ക് ചില വർഷങ്ങൾ മതി. ഇതൊന്നും നിയന്ത്രിക്കാൻ നമ്മുടെ ഭരണസംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. എന്നുമാത്രമല്ല, അവർ ഇതിനൊക്കെ ചുക്കാൻ പിടിക്കുകയും ചെയ്തു.
മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞിട്ടുണ്ട്, , 'Whenever in doubt, recall the face of the poorest and the weakest man, the last man standing in the queue' എന്ന്. അതായത്, വരി നിൽക്കുന്ന പാവപ്പെട്ട ജനങ്ങളുടെ ഏറ്റവും പിറകിൽ നിൽക്കുന്ന ആളിന് എന്താണ് പ്രയോജനം എന്നു ചിന്തിച്ചുവേണം മുന്നോട്ടു പോകാൻ.
(ഫാക്ട്, കിൻഫ്ര, കെൽട്രോൺ തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളുടെ മേധാവിയായിരുന്ന ലേഖകൻ അറിയപ്പെടുന്ന മാനേജ്‌മെന്റ് വിദഗ്ദ്ധനാണ്)