ന്യൂയോർക്ക്: അലാസ്‌കയിലെ ഗുസ്‌താവസ് ഗ്രാമത്തിലെ നാട്ടുകാർ തോഷുവ പാർക്കർ എന്ന ചെറുപ്പക്കാരനോട് എക്കാലവും കടപ്പെട്ടിരിക്കും. കാരണം, അവർക്കായി എല്ലാ ആഴ്ചയും തോഷുവ ബോട്ടിൽ യാത്ര ചെയ്യുന്നത് 14 മണിക്കൂറാണ്. ഏഴ് മണിക്കൂർ അങ്ങോട്ടും ഏഴുമണിക്കൂർ തിരിച്ചും.
വെറും 446 ആളുകൾ മാത്രം താമസിക്കുന്ന ഗ്രാമമാണ് ഗുസ്‌താവസ്. നഗരത്തിലേക്ക് ഉള്ള അവരുടെ ഒരേയൊരു യാത്രാമാർഗം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിട്ട് നാളുകളേറെയായി.
അതുകൊണ്ടുതന്നെ സാധനങ്ങൾ വാങ്ങാനോ മറ്റാവശ്യങ്ങൾക്കോ ഗ്രാമത്തിലുള്ളവർക്ക് നഗരത്തിലെത്താൻ കഴിയാതെയായി. അങ്ങനെയാണ് നഗരത്തിൽ പലചരക്ക് കട നടത്തുന്ന തോഷുവ അവരുടെ രക്ഷകനായി എത്തുന്നത്. ആഴ്ചയിലൊരിക്കൽ, തന്റെ ബോട്ടിൽ നിറയെ ഗ്രാമവാസികൾക്കുള്ള പലചരക്ക് സാധനങ്ങളുമായി, ഒന്നോ രണ്ടോ ജോലിക്കാരെയും കൂട്ടി 50 മൈൽ ദൂരം തണുത്തുറഞ്ഞ തടാകത്തിലൂടെ സഞ്ചരിച്ച് തോഷുവയെത്തും.
ഭക്ഷണസാധനങ്ങൾക്ക് പുറമെ, ഗ്രാമവാസികളുടെ പ്രത്യേക ആവശ്യപ്രകാരമുള്ള എന്തും തോഷുവ അവിടെ എത്തിച്ചുനൽകും. മുട്ട മുതൽ വെടിമരുന്ന് വരെയുണ്ടാകും. തന്റെ ഈ കഷ്ടപ്പാടിന് വലിയ തുകയാണ് ഇദ്ദേഹം ഈടാക്കുന്നതെന്ന് കരുതിയെങ്കിൽ തെറ്രി. യാത്രാചെലവിനുള്ള ചെറിയ തുകയേ തോഷുവ കൈപ്പറ്റാറുള്ളൂ.!