റിയാദ്: പിതാവിനെ കൊലപ്പെടുത്തിയവർക്ക് മാപ്പ് നൽകുന്നതായി കൊല്ലപ്പെട്ട സൗദി മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മകൻ സലാ ഖഷോഗി. 'രക്തസാക്ഷി ജമാൽ ഖഷോഗിയുടെ മക്കളായ ഞങ്ങൾ, ഞങ്ങളുടെ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും മാപ്പ് നൽകുകയും ചെയ്തിരിക്കുന്നു' സലാ ട്വിറ്ററിലൂടെ അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങൾ മാപ്പ് നൽകിയാൽ വധശിക്ഷ ഒഴിവാക്കുമെന്നാണ് ഇസ്ലാമിക നിയമം. എന്നാൽ ഈ കേസിൽ അത് പരിഗണിക്കുമോ എന്ന് വ്യക്തമല്ല. സലായുടെ ട്വിറ്റർ സന്ദേശം ഇന്നലെ പുലർച്ചെയാണ് സൗദി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്.
റമദാന്റെ അനുഗ്രഹീത രാവിൽ ദൈവ പ്രീതി കാംക്ഷിച്ചാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഏതൊരു മോശം പ്രവർത്തിക്കെതിരെയും സമാനമായ ശിക്ഷ നൽകാൻ ദൈവിക കൽപനയുണ്ടെങ്കിലും ക്ഷമിക്കുന്നവരോട് ദൈവം കൂടുതൽ കരുണകാണിക്കുമെന്നുണ്ട്. അതിന് ദൈവത്തിൽനിന്ന് പ്രതിഫലം ലഭിക്കും.. സാല ട്വിറ്ററിൽ കുറിച്ചു.
അതേസമയം, സലായുടെ പ്രസ്താവനയ്ക്കെതിരെ ഖഷോഗിയുടെ പ്രതിശ്രുത വധുവായിരുന്ന ഹറ്റിസ് കെന്‍ഗിസ് അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകികൾക്ക് മാപ്പ് നൽകാൻ ആർക്കും അവകാശമില്ലെന്നും ജമാലിന് നീതി ലഭിക്കും വരെ തങ്ങൾ പോരാടുമെന്നും ഹറ്റിസ് ട്വീറ്റ് ചെയ്തു.
നേരത്തെ കുറ്റാരോപിതർക്കെതിരെ വിമർശനം ഉയർത്തിയ ഖഷോഗിയുടെ മകൻ സലാ തനിക്ക് നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്ന് പറഞ്ഞിരുന്നു. സല ഇപ്പോൾ സൗദിയിലാണ് താമസിക്കുന്നത്.
കോൺസുലേറ്റിലെ കൊലപാതകം
വാഷിംഗ്ടൺ പോസ്റ്റിൽ ജോലി ചെയ്യുകയായിരുന്ന ഖഷോഗി 2018 ഒക്ടോബർ രണ്ടിന് തുർക്കിയിലെ ഇസ്താംബുളിൽ സൗദി കോൺസുലേറ്റിൽ വച്ചാണ് കൊല്ലപ്പെട്ടത്. ഹറ്റിസിനെ വിവാഹം ചെയ്യുന്നതിന് രേഖകൾ ലഭിക്കുന്നതിനായാണ് അദ്ദേഹം കോൺസുലേറ്റിൽ എത്തിയത്. 11 കുറ്റവാളികളിൽ അഞ്ച് പേർക്ക് വധ ശിക്ഷ വിധിക്കുകയും മൂന്നു പേരെ 24 വർഷം തടവിന് വിധിക്കുകയുമുണ്ടായി. മറ്റുള്ളവരെ കുറ്റമുക്തരാക്കി. സൗദി രാജകുടുംബത്തിന്റെ വിമർശകനായ ഖഷോഗി 2017ൽ ന്യൂയോർക്കിലേക്ക് പലായനം ചെയ്തിരുന്നു.
സൗദിയെ സമ്മർദ്ദത്തിലാക്കിയ കൊലപാതകം
രാജ്യാന്തരതലത്തിൽ ഏറെ വിമർശിക്കപ്പെട്ടതിനുശേഷമാണ് ഖഷോഗിയുടെ തിരോധാനം കൊലപാതകമാണെന്ന് സൗദി സമ്മതിക്കുന്നത്. ഒക്ടോബർ രണ്ടിനാണ് ഖഷോഗി കൊല്ലപ്പെടുന്നത്. എന്നാൽ, കൊലപാതകവിവരം സൗദി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിക്കുന്നത് 18 ദിവസങ്ങൾക്കുശേഷം ഒക്ടോബർ 21നാണ്. സൗദിയുടെ നവോഥാന നായകനെന്ന പരിവേഷത്തിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധനേടിയ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പ്രതിഛായ പൊടുന്നനെ ഇടിഞ്ഞു.