covid

കൊവിഡ് ബാധിച്ചാൽ ശരീരഘടനയില്‍ മാറ്റം വരുമോ? മാറുമെന്ന് പറയുകയാണ് കാലിഫോർണിയ സ്വദേശിയും നഴ്സുമായ മൈക്ക് ഷുള്‍ട്‌സ്. കൊവിഡിനെതിരെ പോരാടി രോഗമുക്തി നേടിയ മൈക്ക് രൂപമാറ്റം സംഭവിച്ച ചിത്രങ്ങള്‍ സോഷ്യൽ മീഡിയവഴി പങ്കുവച്ചിരിക്കുകയാണ്. കൊവിഡിന് മുന്‍പും ശേഷവുമുളള ചിത്രങ്ങളാണ് മൈക്ക് പങ്കുവെച്ചത്.

കൊവിഡ് ബാധിച്ച്‌ ആറാഴ്ചയാണ് മൈക്ക് ഷുള്‍ട്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. രോഗമുക്തി നേടി പുറത്തുവന്നപ്പോള്‍ ശരീരഭാരത്തില്‍ 20 കിലോഗ്രാം നഷ്ടപ്പെട്ടതായി മൈക്ക് ഷുള്‍ട്‌സ് പറയുന്നു. ഹോസ്പിറ്റലില്‍ വച്ച്‌ ഫോട്ടോ എടുക്കുമ്പോൾ താന്‍ അസ്വസ്ഥനായിരുന്നുവെന്ന് മൈക്ക് ഷുള്‍ട്‌സ് പറയുന്നു. എന്നാല്‍ കോവിഡിന്റെ തീവ്രത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഫോട്ടോയ്ക്ക് മുതിര്‍ന്നതെന്നും മൈക്ക് പറയുന്നു.

കൊവിഡ് രോഗബാധയ്ക്ക് മുന്‍പ് 86 കിലോഗ്രാമായിരുന്നു മൈക്ക് ഷുള്‍ട്‌സിന്റെ ശരീരഭാരം. ആറാഴ്ച കൊണ്ട് 23 കിലോഗ്രാം കുറഞ്ഞ് 63 കിലോയായി ശരീരഭാരം കുറഞ്ഞു. 'ഇത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചെറുപ്പക്കാരന്‍ ആണ് എന്നതൊന്നും രോഗത്തിന് ബാധകമല്ല. നിങ്ങളെയും ബാധിക്കാം'- മൈക്ക് ഷുള്‍ട്‌സ് പറയുന്നു.

കൊവിഡിന് മുന്‍പ് ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു മൈക്ക്. ദിവസവും ആഴ്ചയില്‍ ആറു മുതല്‍ ഏഴുപ്രാവശ്യം വരെ സ്ഥിരമായി വര്‍ക്ക്‌ഔട്ട് ചെയ്യുമായിരുന്നു. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും അലട്ടിയിരുന്നില്ല. മാര്‍ച്ചില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴാണ് രോഗബാധ ഉണ്ടായത്. ന്യൂമോണിയ അടക്കം ശ്വസനപ്രക്രിയയെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടുതുടങ്ങിയതോടെ കുറച്ചുദിവസം വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയത്. സ്വന്തമായി ശ്വാസം എടുക്കാന്‍ നാലര ആഴ്ചയോളം എടുത്തെന്ന് മൈക്ക് ഷുള്‍ട്‌സ് പറയുന്നു.