pm

മുംബയ്: ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിരോധത്തിൽ വിജയിച്ചത് കേരളവും പരാജയപ്പെട്ടത് മഹാരാഷ്ട്രയുമാണെന്ന സംസ്ഥാന ബി.ജെ.പിയുടെ പരിഹാസത്തിനെതിരെ മറുപടിയുമായി ശിവസേന. പാർട്ടി പ്രസിദ്ധീകരണമായ 'സാമ്ന' യിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടീലിന്റെ പ്രസ്താവനയെ പരിഹസിച്ച് ശിവസേന പ്രതികരിച്ചത്.

പട്ടീൽ കേരളമോഡൽ എന്താണെന്ന് പഠിച്ചിട്ടില്ല. കേന്ദ്രം നൽകുന്ന നിർദ്ദേശം അനുസരിച്ചല്ല കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള കോൺഫറൻസുകൾ സമയം കൊല്ലലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതിൽ പ്രതിഷേധിക്കണ്ടത് ഇവിടെ മഹാരാഷ്ട്രയിലല്ല. കേരളത്തിലാണ്. സാമ്നയിൽ പറയുന്നു. രാജ്യത്ത് ഒരു ആരോഗ്യ അടിയന്തരാവസ്ഥയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി അത് നയിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രവർത്തനങ്ങൾക്കെതിരെ അനുയായികളോട് വീടുകളിൽ പ്രതിഷേധിക്കാൻ ബിജെപി ആഹ്വാനം ചെയ്തിരുന്നു. കേന്ദ്ര അധികാരത്തിനു കീഴിലാണ് മഹാരാഷ്ട്രാ സർക്കാർ പ്രവർത്തിക്കുന്നത് ഒപ്പം മുഖ്യമന്ത്രിയുടെയും.

അതിനാൽ പരാതികൾ കേന്ദ്രത്തിന് നൽകുകയാണ് ദേവേന്ദ്ര ഫഡ്നാവിസ് വേണ്ടതെന്നും ശിവസേന വിമർശിക്കുന്നു. സംസ്ഥാനത്ത് വലിയ തോതിൽ രോഗികൾ വർദ്ധിക്കുന്നതിനെ ബിജെപി മുൻപ് വിമർശിച്ചിരുന്നു. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 1454 പേർ രോഗം ബാധിച്ച് മരിച്ചു. ആകെ 41642 പേർക്ക് രോഗം സ്ഥിരീകരിച്ചു.